-vote

കണ്ണൂർ: മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന പരാതിയുമായി എൽഡിഎഫ് രംഗത്ത്. കണ്ണൂരിലെ വീട്ടിലെ വോട്ടിലാണ് കള്ളവോട്ട് നടന്നെന്ന ആരോപണം. കെ കമലാക്ഷി എന്ന വോട്ടർക്ക് പകരം വി കമലാക്ഷി വോട്ട് ചെയ്തെന്നാണ് ആക്ഷേപം ഉയരുന്നത്. കോൺഗ്രസ് അനുഭാവിയായ ബൂത്ത് ലെവൽ ഓഫീസർ കള്ള വോട്ടിന് കൂട്ടുനിന്നെന്നും പരാതിയിൽ പറയുന്നു. കണ്ണൂർ എഴുപതാം ബൂത്തിൽ നടന്ന വോട്ടിംഗിലാണ് കമ്മീഷന് പരാതി നൽകിയത്.

അതേസമയം, കല്യാശേരിയിൽ വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായ സംഭവത്തോടെ കള്ളവോട്ട് തടയാനുള്ള നടപടികൾ കർശനമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. വീട്ടിലെ വോട്ട് രേഖപ്പെടുത്തുമ്പോൾ പൗരന്‍മാരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇവിഎം കമ്മീഷനിംഗ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കാസർകോട് ജില്ലാ കളക്ടർ കെ ഇൻബശേഖർ വ്യക്തമാക്കി. ഇവിഎം കമ്മീഷനിംഗ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ശബ്ദസന്ദേശം പ്രചരിക്കുന്നുണ്ട്. ഇതിൽ ഫോറൻസിക് പരിശോധന നടത്താനാണ് തീരുമാനം.

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചകൾ ഉണ്ടാവുന്നതായാണ് വിലയിരുത്തൽ. കല്യാശേരി മണ്ഡലത്തില്‍ വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്നതിനിടെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു കള്ളവോട്ട് നടന്നത്. ഇതോടെ ചുമതലയിലുണ്ടായിരുന്ന പോളിംഗ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയും ചെയ്തു.

കാസർകോട് ഗവ.കോളജിൽ നടന്ന മോക്ക് പോളിൽ താമരയ്ക്ക് അധിക വോട്ട് രേഖപ്പെടുത്തിയ സംഭവത്തിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് ജാഗ്രത കുറവുണ്ടായതായാണ് വിലയിരുത്തൽ. ഇങ്ങനെ തുടർച്ചയായി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതോടെയാണ് ജില്ലാ ഭരണകൂടം നടപടി കർശനമാക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്ന പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കർശന നിര്‍ദേശം നൽകിയത്.