
തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരം ഉപചാരം ചൊല്ലി പിരിഞ്ഞു. കൊടും ചൂടിലും ലക്ഷക്കണക്കിന് പൂര പ്രേമികളാണ് തൃശൂരിലേക്ക് ഒഴുകിയെത്തിയത്. എന്നാൽ, തിരഞ്ഞെടുപ്പ് കാലത്തിനിടെ നടന്ന പൂരത്തിൽ കനത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഇത് പല തരത്തിലും തർക്കങ്ങളിലേക്കും വഴിവച്ചു. ചരിത്രത്തിലാദ്യമായി രാത്രി നടക്കേണ്ട വെടിക്കെട്ട് പകൽ വെളിച്ചത്തിൽ നടത്തേണ്ടി വന്നു. ഇത് പൂരപ്രേമികളുടെ മുഴുവൻ വീര്യത്തെയും ചോർത്തിക്കളഞ്ഞു.
ചരിത്രപ്രസിദ്ധമായ പൂരത്തിന് പാരവയ്‌ക്കാൻ ചിലർ മനഃപൂർവം ശ്രമിച്ചതെന്നാണ് ദേവസ്വം പ്രസിഡന്റ് പറഞ്ഞത്. ഇതൊരു രാഷ്‌ട്രീയ പൂരമായിരുന്നോ എന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിലടക്കം ചർച്ച നടക്കുകയാണ്.

ഇത്രയും കാലം കാണാത്തത്രയും കടുത്ത നിയന്ത്രണങ്ങളാണ് പൊലീസ് ഇത്തവണ ജനങ്ങൾക്കുമേൽ നടപ്പിലാക്കിയത്. കുടമാറ്റം കഴിഞ്ഞ് വെടിക്കെട്ടിന്റെ അവസാന നിമിഷം വരെ ഇത് നീണ്ടുനിന്നു. അമിട്ടുകളിൽ മരുന്ന് നിറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് തർക്കം വന്നതോടെ വെടിക്കെട്ട് നിർത്തിവയ്‌ക്കുന്ന സാഹചര്യമാണുണ്ടായത്.
പാറമേക്കാവ് വെടിക്കെട്ടിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷം തിരുവമ്പാടി ഒരുക്കങ്ങൾ തുടങ്ങുമ്പോഴാണ് പൊലീസ് തർക്കത്തിനെത്തിയത്. വെടിമരുന്ന് നിറക്കുന്നയിടത്തേക്ക് ഒന്നോ രണ്ടോ പ്രത്യേക ജീവനക്കാരല്ലാതെ മാറ്റാരും പോകരുതെന്ന നിലപാടെടുക്കുകയായിരുന്നു പോലീസ്. സാധാരണ ദേവസ്വം ജീവനക്കാരും മറ്റും പോകാറുണ്ടെങ്കിലും അങ്ങനെ വേണ്ടെന്ന് കമ്മിഷണര്‍ അങ്കിത് അശോക് അടക്കമുള്ളവര്‍ നിലപാടെടുത്തു.
ഇതോടെ തങ്ങൾ പൂരം നടത്തുന്നില്ലെന്ന് പ്രഖ്യാപിച്ച് കാഴ്‌ചപന്തലുകളിലെ ലൈറ്റുകൾ തിരുവമ്പാടി ദേവസ്വം ഓഫാക്കി. ഒടുവിൽ ജില്ലാ കളക്‌ടറും മന്ത്രി കെ രാജനടക്കം ഇടപെട്ട് വിഷയത്തിൽ ധാരണയിലെത്തിയെങ്കിലും വെടിക്കെട്ട് നടന്നപ്പോൾ സമയം രാവിലെ 7.15 ആയി.
ഇതിനിടെ നിരവധി രാഷ്‌ട്രീയ വിവാദങ്ങളും രൂപംകൊണ്ടു. കുടമാറ്റത്തില്‍ രാംലല്ല, വില്ലുകുലച്ച ശ്രീരാമന്‍, ചന്ദ്രയാൻ എന്നിവയെല്ലാമായിരുന്നു ഇത്തവണത്തെ ഇരു ദേവസ്വങ്ങളുടേയും പ്രത്യേകത. ഇത് ബിജെപിക്ക് വോട്ട് നേടിക്കൊടുക്കാനുള്ള തിരഞ്ഞെടുപ്പ് പ്രചാരമാണെന്ന് വരെ ആരോപണങ്ങളുയർന്നു. പിന്നീട് പൂരം മുടങ്ങിയതോടെ ഇത് മനഃപൂർവമായ ഗൂഢാലോചനയാണെന്ന് വരെ ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗം രംഗത്തെത്തി. ശബരിമല വിഷയം വരെ ഓർമിപ്പിച്ചുകൊണ്ടാണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്.