മോഹൻലാൽ - തരുൺമൂർത്തി ചിത്രത്തിലും റീമിക്സ്

മലയാളത്തിൽ വീണ്ടും ഇളയരാജ പാട്ടുകളുടെ റീമിക്സ് തരംഗമാകുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമായ മഞ്ഞുമ്മൽ ബോയ്‌സിൽ കമൽഹാസൻ നായകനായ ഗുണ എന്ന ചിത്രത്തിലെ ഇളയരാജയുടെ 'കൺമണി അൻപൊട്
കാതലൻ' സൃഷ്ടിച്ച തരംഗമാണ് ഇതിനു പ്രധാന കാരണം. ഇന്ന് ചിത്രീകരണം ആരംഭിക്കുന്ന മോഹൻലാൽ നായകനായി തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് ഇളരാജയുടെ മൂന്നു പാട്ടുകളുടെ റൈറ്റ്‌സ് വാങ്ങിയിട്ടുണ്ട്.പൃഥ്വിരാജ് നായകനായി നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയിൽ കമൽഹാസൻ നായകനായി 1984ൽ റിലീസ് ചെയ്ത വിക്രം സിനിമയിലെ വനിതാമണി വന മോഹിനി എന്ന പാട്ടിന്റെ റീമിക്സുണ്ട്. വൈരമുത്ത് രചിച്ച് ഇളയരാജ സംഗീതം നൽകിയ ഗാനം ആലപിച്ചത് എസ്.പി . ബാലസുബ്രഹ്മണ്യവും എസ്. ജാനകിയും കമൽഹാസനും ചേർന്നായിരുന്നു.ഇളയരാജ പാട്ടിന്റെ റീമിക്സ് മലയാള സിനിമയിലേക്ക് ഇതിനു മുൻപും വന്നിട്ടുണ്ട്.സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ
സിനിമയിൽ കമൽഹാസന്റെ പുന്നകൈ മന്നനിലെ പാട്ടിന്റെ റീമിക്സ് ഉൾപ്പെടുത്തിയിരുന്നു. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ ഇളയരാജ പാട്ടിന്റെ റീമിക്‌സ് ഉപയോഗിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനന്ധർവനിൽ കമൽഹാസൻ ചിത്രം സകലാകലാഭവനിലെ നാൻ താൻ സകലകലാവല്ലഭൻ എന്ന പാട്ട് ഗാനമേളയിൽ ഉൾപ്പെടുത്തിയിരുന്നു. എക്കാലത്തും കാലത്തെ അതിജീവിച്ചുനിൽക്കുന്ന സംഗീതമാണ് ഇളയരാജയുടേത്.
എല്ലാ തലമുറകളിലെയും ആളുകൾക്ക് പ്രിയങ്കരമായി ഇളയരാജയുടെ നിരവധി ഗാനങ്ങളിൽ ഒന്നാണ് കൺമണി അൻപൊട്. മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം പാട്ട് സൂപ്പർഹിറ്റായി തുടരുകയാണ്. വാലിയുടെ വരികൾക്ക് കമൽഹാസനും എസ്. ജാനകിയും ചേർന്ന് ആലപിച്ച ഗാനം ഹൃദ്യമായ ഈണമാണ്. ഒരു പുരുഷൻ തന്റെ ഭാവി കാമുകിക്ക് അയച്ച പ്രണയലേഖനമാണ് കൺമണി അൻപോട്. വർഷങ്ങളായി ഈ ഗാനം പ്രണയത്തിന്റെ തെളിവായി നിലകൊള്ളുകയും നിരവധി പ്രണയകഥകളെ വിജയിപ്പിക്കുകയും ചെയ്യുന്നു. മഞ്ഞുമ്മൽ ബോയ്‌സിൽ അൻപോട് കൺമണി സൗഹൃദവും സ്നേഹവും ഉൗട്ടി ഉറപ്പിക്കുന്നു. സന്താന ഭാരതി സംവിധാനം ചെയ്ത ഗുണ തമിഴ് ചലച്ചിത്ര ലോകത്തെ ക്ളാസിക്കുകളിലൊന്നാണ്.കമൽഹാസൻ തനിക്കുള്ളിലെ സംഗീതം കൂടി പകർന്ന് പാടുകയും ചെയ്തു.