vote

തിരുവനന്തപുരം :മുഖ്യമന്ത്രിക്ക് നേരെയുള്ള രാഹുൽ ഗാന്ധിയുടെ കടന്നാക്രമണം ഏറ്റുപിടിച്ച് പ്രിയങ്ക ഗാന്ധിയും. പൗരത്വ ഭേദഗതി നിയമത്തിൽ രാഹുലിനെ വിടാതെ നോവിച്ച് പിണറായി. ബി.ജെ.പി - സി.പി.എം അന്തർധാരയുടെ ഭാഗമായാണ്

പിണറായി ബി.ജെ.പിയെ വിമർശിക്കാത്തതെന്ന ആക്രമണത്തിന് മൂർച്ഛ കൂട്ടി കോൺഗ്രസ്. പിണറായിയെ ചാരി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പെരുകുന്ന കള്ളവോട്ട്, ഇരട്ട വോട്ട് പരാതികൾക്ക് പിന്നാലെ, വോട്ട് കച്ചവടമെന്ന ആരോപണവും വ്യക്തി ഹത്യകളും. സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് മൂന്ന് നാൾ ശേഷിക്കെ, പല്ലും നഖവും ഉപയോഗിച്ചുള്ള പോരാട്ടത്തിലാണ് മൂന്ന് മുന്നണികളും.

പ്രതിപക്ഷത്തെ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച മോദി സർക്കാർ എന്തുകൊണ്ട് അഴിമതി ആരോപണ വിധേയനായ കേരള മുഖ്യമന്ത്രിയെ വെറുതെ വിടുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യവും, അതിന് മുഖ്യമന്ത്രിയുടെ പരിഹാസമറുപടിയും പ്രചാരണത്തീ പടർത്തുന്നതിനിടെയാണ്, രാഹുലിന്റെ ചോദ്യം പ്രിയങ്കയും ആവർത്തിച്ചത്. ഇത് പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ ഭാവിയിൽ തന്നെ ആശങ്കയും, കേരളത്തിന് പുറത്തെ കോൺഗ്രസ്-ഇടത് സൗഹൃദത്തിൽ കരിനിഴലും വീഴ്‌ത്തുന്നു, തന്നെക്കാൾ രൂക്ഷമായ ഭാഷയിലാണ് രാഹുൽ ഗാന്ധിയെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിക്കുന്നതെന്ന പരിഹാസവുമായി എരിതീയിൽ

എണ്ണയൊഴിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതും ഇന്ത്യ മുന്നണിയെ പിടിച്ചായിരുന്നു .

പൗരത്വ നിയമത്തിൽ പുലർത്തുന്ന മൗനത്തിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും കൂരമ്പെയ്ത മുഖ്യമന്ത്രി, രാഹുലിന് സംഘപരിവാർ മനസാണെന്നും തുറന്നടിച്ചു. അതേസമയം, ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ, പൗരത്വ നിയമം റദ്ദാക്കുമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയത് ശ്രദ്ധേയം. മുസ്ലീങ്ങളെ ബാധിക്കുന്ന പൗരത്വ വിഷയത്തിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി സി.പി.എം ഏകപക്ഷീയമായി ഗോളടിക്കുന്നതിലെ അപകടം മണത്താണിതെന്ന് വ്യക്തം. കെ.പി.സി.സി നേതൃത്വത്തിന്റെ സമ്മർദ്ദവും ഉണ്ടാവാം.

തിരിഞ്ഞു കുത്തി

കള്ളവോട്ട്

കാസർകോട്ടെ കല്യാശേരിയിൽ വീട്ടിലെ വോട്ടിംഗിനിടെ 92 കാരിയുടെ വോട്ടിൽ സി.പി.എം പ്രാദേശിക നേതാവ് കൃത്രിമം കാട്ടിയെന്ന ആരോപണം പാർട്ടിക്ക് ക്ഷീണമായി. സി.പി.എമ്മിന്റെ ശീലമാണിതെന്ന് കെ.സുധാകരൻ

ആരോപിച്ചപ്പോൾ, വൃദ്ധയുടെ കാഴ്ചക്കുറവ് മൂലമാണെന്നായിരുന്നു എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജന്റെ വാദം. ഇന്നലെ കണ്ണൂരിലെയും കോഴിക്കോട്ടെയും സമാന സംഭവങ്ങളിൽ കോൺഗ്രസുകാർ കള്ളവോട്ട് ചെയ്തെന്ന് സി. പി. എം ആരോപിച്ചതും ഏതാനും ഉദ്യോഗസ്ഥരെ സസ്പെൻഡ്

ചെയ്തതും കോൺഗ്രസിനെ തിരിഞ്ഞു കുത്തി.

ആറ്റിങ്ങൽ മണ്ഡലത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് എൽ.ഡി.എഫ് ആരോപിച്ചത്. യു.ഡി.എഫ് ഇത് നിഷേധിച്ചെങ്കിലും ഇരുപക്ഷവും ജാഗ്രതയിലാണ്. വടകരയിൽ നിറഞ്ഞു കത്തുന്നത് കെ.കെ.ശൈലജയ്ക്ക് എതിരായ സൈബർ ആക്രമണവും, പാനൂർ ബോംബ് സ്ഫോടനവും സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങളും.