
കല്ലമ്പലം: വിധവയുടെ വീട് ആക്രമിച്ചതായി പരാതി.തോട്ടയ്ക്കാട് പാലത്തിന് സമീപം കാഞ്ഞിരംവിള വീട്ടിൽ നസീമയുടെ വീടാണ് അർദ്ധരാത്രിയിൽ മദ്യപസംഘം ആക്രമിച്ചത്.ഇതുമായി ബന്ധപ്പെട്ട് കല്ലമ്പലം പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് ഇതുവരെ സംഭവസ്ഥലം സന്ദർശിക്കാൻ പോലും തയ്യാറായിട്ടില്ലെന്നാണാക്ഷേപം.തുടർന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പിക്ക് പരാതി നൽകിയിരിക്കുകയാണ് നസീമ.സംഭവസമയം വീട്ടമ്മയും ഇളയമകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.ഇതിനുമുമ്പും സമാന രീതിയിൽ വീടിന് നേരെ ആക്രമണം നടന്നതായി നസീമ പറഞ്ഞു.അർദ്ധ രാത്രിയിൽ ബസ് സ്റ്റോപ്പിൽ ഇരുന്ന് മദ്യപിച്ചതിനുശേഷം സമീപത്തുള്ള ഇവരുടെ വീടിന് നേരെ മദ്യക്കുപ്പികളും മറ്റു മാലിന്യങ്ങളും വലിച്ചെറിയുന്നതും പതിവാണ്.ദേശീയപാതയുടെ അരികിലായിട്ടും ഇവിടെ പൊലീസ് തിരിഞ്ഞു നോക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.സംഭവത്തിൽ പൊലീസിന്റെ അനാസ്ഥയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.