
മൊഹാലി: മത്സരത്തിനിടെ അച്ചടക്ക ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മുംബയ് ഇന്ത്യൻസിന്റെ ബാറ്റിംഗ് കോച്ച് കീറോൺ പൊള്ളാർഡിനും ഓൾറൗണ്ടർ ടിം ഡേവിഡിനും മാച്ച് ഫീസിന്റെ 20 ശതമാനംപിഴ ശിക്ഷ. കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് -മുംബയ് മത്സരത്തിനിടെ ഡഗൗട്ടിലിരുന്ന് ഡി.ആർ.എസ് എടുക്കുന്നതിനായി ഗ്രൗണ്ടിലേക്ക് നിർദ്ദേശം നൽകിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഇരുവർക്കും പിഴശിക്ഷ ലഭിച്ചത്.
ടിം ഡേവിഡും പൊള്ളാർഡും ഐ.പി.എൽ ചട്ടത്തിലെ ലെവൽ 1 കുറ്റമാണു ചെയ്തതെന്ന് ഐ.പി.എൽ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ നടപടി വേണമെന്ന് പഞ്ചാബ് ക്യാപ്ടൻ സാം കറൻ ആവശ്യപ്പെട്ടിരുന്നു.
ഇരുവരും ടിവി റീപ്ലേ നോക്കിയ ശേഷമാണ് ഗ്രൗണ്ടിലേക്ക് ഡി.ആർ.എസ് എടുക്കാൻ ആവശ്യപ്പെട്ടതെന്ന് ആരോപണമുയർന്നിരുന്നു.