gold

മുംബയ്: അടുക്കാന്‍ പറ്റാത്ത വിധത്തില്‍ വര്‍ദ്ധിക്കുകയാണ് സ്വര്‍ണവില. സാധാരണക്കാരന്‍ മുതല്‍ അത്യാവശ്യം വരുമാനം കൈപ്പറ്റുന്നവര്‍ക്ക് പോലും തൊട്ടാല്‍ പൊള്ളുന്ന വിലയാണ് സ്വര്‍ണത്തിന്. പണിക്കൂലിയും ജി.എസ്.ടിയും ഒക്കെ ചേരുമ്പോള്‍ ആഭരണം വാങ്ങാന്‍ മാര്‍ക്കറ്റ് വിലയില്‍ കൂടുതല്‍ നല്‍കേണ്ടി വരുമെന്നത് കൂടി ആകുമ്പോള്‍ സ്വര്‍ണം വാങ്ങുന്നത് ഏറെക്കുറേ അസംഭവ്യമെന്ന നിലയിലേക്ക് എത്തുകയാണ്. ഏപ്രില്‍ മാസത്തില്‍ മാത്രം 5600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ദ്ധിച്ച നിരക്ക്.

ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷം കൂടി തുടരുന്ന പശ്ചാത്തലത്തില്‍ സ്വര്‍ണ വില വരും ദിവസങ്ങളിലും ഉയരുമെന്ന് തന്നെയാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. സമീപ ഭാവിയില്‍ തന്നെ സ്വര്‍ണ വില പവന് ഒരു ലക്ഷത്തിന് മുകളില്‍ എത്തുമെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിഎന്‍ബിസി ആവാസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2030 ആകുമ്പോഴേക്കും സ്വര്‍ണ വില പത്ത് ഗ്രാമിന് 1,68,000 രൂപയായി ഉയരുമെന്ന് വിഘ്‌നഹര്‍ത്ത ഗോള്‍ഡിന്റെ മഹേന്ദ്ര ലൂനിയ പറഞ്ഞു.

വജ്രങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ സ്വര്‍ണത്തിലേക്ക് മാറുകയാണെന്നും ഡോളറിന്റെ മൂല്യം കുറയുന്നുണ്ടെന്നും ഇതുമൂലം സ്വര്‍ണവില അതിവേഗം ഉയരുകയാണെന്നും അദ്ദേഹം പറയുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ 2030ഓടെ സാധാരണക്കാര്‍ക്ക് സ്വര്‍ണം വാങ്ങുന്നത് എളുപ്പമാകില്ലെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.