ipl

ന്യൂഡല്‍ഹി: ഐപിഎല്‍ സീസണിലെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും ആവര്‍ത്തിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന എസ്ആര്‍എച്ച് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 266 റണ്‍സ്. ഒരു ഘട്ടത്തില്‍ ഹൈദരാബാദിന്റെ സ്‌കോര്‍ 300 കടക്കുമെന്ന് തോന്നിച്ചെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തിയ ഡല്‍ഹി ബൗളര്‍മാര്‍ അവരെ ഒരു പരിധിവരെ പിടിച്ച് നിര്‍ത്തുകയായിരുന്നു.

തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ് 89(32), അഭിഷേക് ശര്‍മ്മ 46(12) സഖ്യം നല്‍കിയത്. അഞ്ച് ഓവറില്‍ 100 റണ്‍സ് അടിച്ച ഹൈദരാബാദ് പവര്‍പ്ലേയില്‍ മാത്രം അടിച്ചെടുത്തത് 125 റണ്‍സാണ്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 38 പന്തുകളില്‍ നിന്ന് 131 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് അഭിഷേക് ശര്‍മ്മ പുറത്തായപ്പോള്‍ പിരിഞ്ഞത്. പിന്നീട് വന്ന എയ്ഡന്‍ മാര്‍ക്രം 1(3), ഹെയ്ന്റിച്ച് ക്ലാസന്‍ 15(8) എന്നിവരും പെട്ടെന്ന് മടങ്ങിയപ്പോള്‍ 154ന് നാല് എന്ന നിലയിലേക്ക് സ്‌കോര്‍ എത്തി.

പെട്ടെന്ന് നാല് വിക്കറ്റുകള്‍ വീണതോടെ സ്‌കോറിംഗ് വേഗം കുറയുകയും ചെയ്തു. അഞ്ചാം വിക്കറ്റില്‍ നിധീഷ് കുമാര്‍ റെഡ്ഡി 37(27), ഷാബാസ് അഹ്മദ് 59*(29) സഖ്യം 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അബ്ദുള്‍ സമദ് 13(8), പാറ്റ് കമ്മിന്‍സ് 1(1) എന്നിവര്‍ വേഗം പുറത്തായതും സ്‌കോര്‍ 266ല്‍ ഒതുക്കാന്‍ ഡല്‍ഹി ബൗളര്‍മാരെ സഹായിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കുല്‍ദീപ് യാദവ് നാലോവറില്‍ 55 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മുകേഷ് കുമാര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.