ipl

ന്യൂഡല്‍ഹി: ഹൈദരാബാദിന്റെ അടിക്ക് തിരിച്ചടി നല്‍കി തുടങ്ങിയെങ്കിലും പാതിവഴിയില്‍ പാളം തെറ്റിയ ഡല്‍ഹി ക്യാപിറ്റല്‍സ് 67 റണ്‍സ് അകലെ വീണു. സീസണിലെ അഞ്ചാം ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ രാജസ്ഥാന് പിന്നിലായി രണ്ടാം സ്ഥാനത്തേക്ക് കയറി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ 266 റണ്‍സ് നേടിയപ്പോള്‍ റിഷഭ് പന്തും സംഘവും 19.1 ഓവറില്‍ 199 റണ്‍സിന് എല്ലാവരും പുറത്തായി.

സ്‌കോര്‍: ഹൈദരാബാദ് 266-7 (20), ഡല്‍ഹി 199-10 (19.1)

18 പന്തില്‍ 65 റണ്‍സ് നേടിയ യുവതാരം ജെയ്ക് ഫേസര്‍ മക്ഗര്‍ക്കിന്റെ വെടിക്കെട്ട് തുടക്കം മുതലാക്കാന്‍ അഭിഷേക് പോരല്‍ 42(22) അല്ലാതെ മറ്റാരും ഡല്‍ഹി നിരയില്‍ ഉണ്ടാകാതിരുന്നതാണ് വമ്പന്‍ ലക്ഷ്യം പിന്തുടര്‍ന്ന അവര്‍ക്ക് തിരിച്ചടിയായത്. തുടര്‍ച്ചെ നാല് ബൗണ്ടറി നേടിയാണ് പൃഥ്വി ഷാ 16(5) തുടങ്ങിയതെങ്കിലും തൊട്ടടുത്ത പന്തില്‍ പുറത്തായി. ഡേവിഡ് വാര്‍ണറും 1(3) നിരാശപ്പെടുത്തി. നാലാമനായി പോരല്‍ പുറത്താകുമ്പോള്‍ 8.4 ഓവറില്‍ 135 എന്ന നിലയില്‍ ആയിരുന്നു ഡല്‍ഹി.

വമ്പനടിക്കാരായ ട്രിസ്റ്റന്‍ സ്റ്റബ്‌സ് 10(11), റിഷഭ് പന്ത് 44(35) എന്നിവര്‍ നനഞ്ഞ പടക്കമായി മാറിയതും ഡല്‍ഹിക്ക് തിരിച്ചടിയായി. പിന്നീട് വന്നവരില്‍ ഒരാള്‍ പോലും രണ്ടക്കം കാണാതെ പുറത്താകുകയും ചെയ്തപ്പോള്‍ ഡല്‍ഹി അനിവാര്യമായ തോല്‍വിയിലേക്ക് വീഴുകയായിരുന്നു. 19 രണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ ടി നടരാജനാണ് ഡല്‍ഹിയെ എറിഞ്ഞിട്ടത്. ഇന്നത്തെ ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ രണ്ടാമത് എത്തിയപ്പോള്‍ ഒരു സ്ഥാനം താഴേക്കിറങ്ങി ഏഴാം സ്ഥാനത്തേത്ത് വീണു. ഇതോടെ മുംബയ് ഇന്ത്യന്‍സ് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.


ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ് 89(32), അഭിഷേക് ശര്‍മ്മ 46(12) സഖ്യം നല്‍കിയത്. അഞ്ച് ഓവറില്‍ 100 റണ്‍സ് അടിച്ച ഹൈദരാബാദ് പവര്‍പ്ലേയില്‍ മാത്രം അടിച്ചെടുത്തത് 125 റണ്‍സാണ്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 38 പന്തുകളില്‍ നിന്ന് 131 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് അഭിഷേക് ശര്‍മ്മ പുറത്തായപ്പോള്‍ പിരിഞ്ഞത്. പിന്നീട് വന്ന എയ്ഡന്‍ മാര്‍ക്രം 1(3), ഹെയ്ന്റിച്ച് ക്ലാസന്‍ 15(8) എന്നിവരും പെട്ടെന്ന് മടങ്ങിയപ്പോള്‍ 154ന് നാല് എന്ന നിലയിലേക്ക് സ്‌കോര്‍ എത്തി.

പെട്ടെന്ന് നാല് വിക്കറ്റുകള്‍ വീണതോടെ സ്‌കോറിംഗ് വേഗം കുറയുകയും ചെയ്തു. അഞ്ചാം വിക്കറ്റില്‍ നിധീഷ് കുമാര്‍ റെഡ്ഡി 37(27), ഷാബാസ് അഹ്മദ് 59*(29) സഖ്യം 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അബ്ദുള്‍ സമദ് 13(8), പാറ്റ് കമ്മിന്‍സ് 1(1) എന്നിവര്‍ വേഗം പുറത്തായതും സ്‌കോര്‍ 266ല്‍ ഒതുക്കാന്‍ ഡല്‍ഹി ബൗളര്‍മാരെ സഹായിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കുല്‍ദീപ് യാദവ് നാലോവറില്‍ 55 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മുകേഷ് കുമാര്‍, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.