pic

ന്യൂയോർക്ക്: യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്രിമിനൽ വിചാരണ നടക്കുന്ന കോടതിക്ക് പുറത്ത് ശരീരത്തിൽ തീകൊളുത്തി പ്രതിഷേധിച്ച യുവാവ് മരിച്ചു. പ്രാദേശിക സമയം, വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് മാൻഹട്ടനിലെ കോടതിക്ക് പുറത്തെ പാർക്കിലായിരുന്നു സംഭവം.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. ഫ്ലോറിഡ സ്വദേശിയായ മാക്‌സ്‌വെൽ അസാറെല്ലോ ( 37 ) ആണ് മരിച്ചത്. തീ കൊളുത്തുന്നതിന് മുമ്പ് ദുഷ്ടൻമാരായ കോടീശ്വരൻമാർ, അഴിമതി തുറന്നുകാട്ടൂ തുടങ്ങിയ വാചകങ്ങൾ എഴുതിയ ലഘുലേഖകൾ ഇയാൾ ചുറ്റും എറിഞ്ഞിരുന്നു. ഇയാൾ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവ സമയം ട്രംപ് കോടതിക്ക് ഉള്ളിലുണ്ടായിരുന്നു.

പോൺ താരം സ്റ്റോമി ഡാനിയേൽസിന് 1,30,​000 ഡോളർ ( ഒരു കോടിയിൽ പരം രൂപ ) നൽകിയ കേസിൽ ഈ മാസം 15നാണ് ട്രംപിന്റെ വിചാരണ ആരംഭിച്ചത്. അവിഹിത ബന്ധം വെളിപ്പെടുത്താതിരിക്കാൻ 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ട്രംപ് അഭിഭാഷകൻ വഴി സ്റ്റോമിക്ക് പണം നൽകിയിരുന്നു. ഇത് ഇലക്ഷൻ നിയമങ്ങൾക്ക് വിരുദ്ധമായി,​ ബിസിനസ് ചെലവാക്കി കാണിച്ചുള്ള രേഖകളാണ് വിനയായത്.