mangos

കോട്ടയം: അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മാമ്പഴം വിപണിയിലെത്തിയതോടെ കാർബൈഡ് ഭയവും ഉടലെടുത്തു. പതിവ് പരിശോധന തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ പേര് പറഞ്ഞ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉഴപ്പുകയാണ്. സൂപ്പർമാർക്കറ്റുകൾ മുതൽ വഴിയോരവിപണിയിൽ വരെ മാമ്പഴ മധുരമാണ്. എന്നാൽ മൂപ്പെത്താത്ത മാങ്ങ കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ചും നിറവും രുചിയും മാറ്റിയും വിപണിയിലെത്തിക്കുന്നത് വ്യാപകം.

കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് വിഷമാങ്ങ ഏറെയുമെത്തുന്നത്. മാമ്പഴത്തിന്റെ മഞ്ഞനിറത്തിന് പിന്നിലെ രഹസ്യം ഒറ്റനോട്ടത്തിൽ തിരിച്ചറിയുകയുമില്ല. മാങ്ങ നിറച്ച പെട്ടികളിൽ കാത്സ്യം കാർബൈഡ് കടലാസ് പൊതികളിലാക്കി വയ്ക്കുകയേ വേണ്ടൂ. ഏത് പച്ചമാങ്ങയും പഴമാവും. മുറികളിൽ മാങ്ങ കൂട്ടിയിട്ടും കാർബൈഡ് പ്രയോഗം നടത്താറുണ്ട്. മുറിയടച്ചിടുന്നതോടെ കാർബൈഡിൽ നിന്നുണ്ടാകുന്ന അസറ്റിലിൻ വാതകത്തിന്റെ ചൂടിൽ മാങ്ങ പഴുത്തുതുടുക്കും. ഒപ്പം കണ്ണഞ്ചിപ്പിക്കുന്ന നിറവും കിട്ടും. നീലം, പ്രിയോർ, സേലം, മൽഗോവ എന്നിവയാണ് രുചിയിൽ കേമന്മാർ. ആന്ധ്രയാണ് നീലം മാങ്ങയുടെ നാട്. സേലം മാങ്ങ തമിഴ്നാട്ടിലും മൽഗോവ കർണാടകയിലും വിളയുന്നു.

 ആമാശയ ക്യാൻസറിനെ കരുതണം

ഒരു ടൺ മാങ്ങ ഒറ്റരാത്രി കൊണ്ട് പഴുപ്പിക്കാൻ ആവശ്യമായ ഒരു കിലോ കാത്സ്യം കാർബൈഡിന് 200 രൂപ മാത്രമേയുള്ളൂ! സ്വാഭാവികമായുണ്ടാകുന്ന എത്തലിനാണ് പഴങ്ങൾക്ക് മണവും നിറവും നൽകുന്നത്. എന്നാൽ, കാർബൈഡ് പ്രയോഗത്തിൽ ഉണ്ടാകുന്ന അസറ്റിലിൻ വാതകമാണ് മാങ്ങയ്ക്ക് നിറം പകരുന്നത്. ഇത് ആമാശയ ക്യാൻസറിന് കാരണമാകും.

സീസണിലും പൊള്ളുംവില

മാങ്ങയുടെ സീസണായിട്ടും കിലോയ്ക്ക് 120 രൂപയ്ക്ക് മുകലിലാണ് മാമ്പഴങ്ങളുടെ വില. കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന മാങ്ങയാണ് കഴുത്തറപ്പൻ വിലയിൽ വിൽക്കുന്നത്. ചൂട് കാലമായതിനാൽ വൻ ഡിമാൻഡാണുള്ളത്. മാമ്പഴ വിഭവങ്ങൾക്കും ഡിമാൻഡ് കൂടി.

നല്ല മാമ്പഴം കഴിച്ചാൽ

ദാഹവും വിശപ്പും മാറ്റും

ഗ്ലൂക്കോസും അടങ്ങിയിട്ടുണ്ട്
നിർജ്ജലീകരണം തടയും
എല്ലാ അവയവങ്ങൾക്കും നല്ലത്
മൂത്രച്ചൂടിനും പരിഹാരമാർഗ്ഗം
രോഗപ്രതിരോധശേഷി കൂട്ടും

''മാമ്പഴം കൂടുതലായി എത്തി തുടങ്ങിതോടെ പരിശോധന നടത്താൻ അധികൃതർ തയ്യാറാകണം. ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനം. വഴിയോരങ്ങളിലടക്കം നിരവധി മാമ്പഴ കച്ചവടക്കാരാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

-രാജശേഖരൻ, നട്ടാശേരി