dubai

ദുബായ്: കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും കനത്ത മഴയും വെള്ളപ്പൊക്കവുമാണ് യുഎഇ നേരിട്ടത്. നൂറുകണക്കിനു പേർ വിമാനത്താവളങ്ങളിലും മാളുകളിലും മെട്രോസ്റ്റേഷനുകളിലും വാഹനങ്ങളിലും കുടുങ്ങി. വൈദ്യുതി നിലച്ചു. കുടിവെള്ളം കിട്ടാതായി. പാർപ്പിട സമുച്ചയങ്ങളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. ഇപ്പോഴിതാ വെള്ളം കെട്ടിക്കിടന്നതുമൂലം കെട്ടിടത്തിന് ചെരിവ് നേരിട്ടതോടെ പ്രവാസികൾ അടക്കം പലർക്കും കിടപ്പാടം നഷ്ടമായിരിക്കുകയാണ്.

ദുബായിലെ മുഹൈസ്‌നയിലുള്ള ബഹുനില കെട്ടിടത്തിൽ താമസിച്ചിരുന്ന നൂറ് കണക്കിന് കുടുംബങ്ങളെയാണ് കെട്ടിടത്തിന് ചെരിവ് നേരിട്ടതിനെത്തുടർന്ന് ഒഴിപ്പിച്ചത്. കെട്ടിടത്തിന്റെ ഒരു വശത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെരിയുകയുമായിരുന്നുവെന്ന് താമസക്കാർ വെളിപ്പെടുത്തുന്നു. പലർക്കും കുലുക്കം അനുഭവപ്പെട്ടു. ഭൂകമ്പമാണെന്നായിരുന്നു പലരും കരുതിയത്.

അടുത്തിടെ പെയ്ത കനത്ത മഴയാണ് കെട്ടിടത്തിന് തകരാറുകൾ സംഭവിക്കാൻ കാരണമായതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മഴ ശമിച്ച് അഞ്ചുദിവസം കഴിഞ്ഞിട്ടും കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുകയാണെന്നും നിരവധി വാഹനങ്ങൾ ഒഴുകി നടക്കുകയാണെന്നും താമസക്കാർ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ച തുടങ്ങിയ മഴ ദുബായിലും ഷാർജയിലും ചൊവ്വാഴ്ചയോടെ ശക്തിയാർജ്ജിക്കുകയായിരുന്നു. കനത്ത മഴയിൽ വിമാന സർവീസുകൾ മുടങ്ങി. ദുബായിലേയ്ക്ക് വന്നുകൊണ്ടിരുന്ന വിമാനങ്ങൾ മറ്റുകേന്ദ്രങ്ങളിലേയ്ക്ക് വിട്ടു. വാഹനങ്ങൾ വെള്ളക്കെട്ടിൽ മുങ്ങി. ദുബായ് മാൾ,​ മാൾ ഒഫ് എമിറേറ്റ്സ് എന്നിവിടങ്ങളിലും വെള്ളം കയറി. ദുബായിലെ പ്രധാന ഹൈവേ ഷെയ്ഖ് സായിദ് റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. നിലവിൽ യുഎഇ സാധാരണ നിലയിലേയ്ക്ക് എത്തിയെന്നും മഴ ശമിച്ചെന്നുമാണ് അധികൃതർ പറയുന്നത്.