students

തിരുവനന്തപുരം: ബി പി എൽ സ്‌കോളർഷിപ്പ് ഇല്ലാതായതോടെ, ദരിദ്രകുടുംബങ്ങളിലെ കുട്ടികൾക്ക് നീറ്റ് റാങ്കിൽ മുന്നിലെത്തിയാലും സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനം ഉപേക്ഷിക്കേണ്ടിവരും. സർക്കാർ മെഡിക്കൽ കോളേജുകളിലേക്ക് മാത്രമായി ഓപ്ഷൻ ചുരുക്കാൻ ഇവർ നിർബന്ധിതരാവുന്ന സ്ഥിതിയാണ് രൂപപ്പെട്ടിരിക്കുന്നത്. സ്വാശ്രയത്തിലെ 85 ശതമാനം സീറ്റിലും 6.61 ലക്ഷം മുതൽ 7.65 ലക്ഷം വരെയാണ് ഫീസ്. 86,600 വരെ സ്‌പെഷ്യൽ ഫീസുമുണ്ട്. ഇത്രയും വലിയ ഫീസ് താങ്ങാനാവാത്തവർക്ക് ആശ്രയം ഫീസിന്റെ 90 ശതമാനം വരെ ലഭിക്കുന്ന സർക്കാരിന്റെ സ്‌കോളർഷിപ്പായിരുന്നു.

2020 മുതൽ പ്രവേശനം നേടിയവർക്ക് ഇതുവരെ സ്‌കോളർഷിപ്പ് ലഭിച്ചിട്ടില്ല. ഫീസടയ്ക്കാത്തവരെ പരീക്ഷയെഴുതിക്കില്ലെന്ന് മാനേജ്‌മെന്റുകൾ നിലപാടെടുത്തതോടെ ഇവർ പുറത്താക്കൽ ഭീഷണിയിലാണ്. എൻ ആർ ഐ വിദ്യാർത്ഥികളുടെ ഫീസിൽ നിന്ന് സ്‌കോളർഷിപ്പിലേക്കുള്ള അഞ്ചുലക്ഷം ഈടാക്കുന്നതും ഇക്കൊല്ലം മുതൽ അവസാനിപ്പിച്ചു. സ്‌കോളർഷിപ്പ് തുടരണമെന്നാവശ്യപ്പെട്ട് 30 വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പണമില്ലാത്തതിന്റെ പേരിൽ ദരിദ്രരുടെ മക്കൾക്ക് പഠിക്കാനാവാത്ത സാഹചര്യമൊഴിവാക്കാൻ സ്‌കോളർഷിപ്പ് തുടരണമെന്നാണ് ഹൈക്കോടതിയിൽ സർക്കാർ നിലപാടെടുത്തത്. എന്നാൽ,​ ഹൈക്കോടതി പറഞ്ഞിട്ടും ഇതിനായി നിയമനിർമ്മാണം നടത്തിയിട്ടില്ല. സ്‌കോളർഷിപ്പ് റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയിലെ അപ്പീലിൽ വിധികാത്തിരിക്കുകയാണ് സർക്കാർ.

സർക്കാർ മറുപടി നൽകാത്ത ചോദ്യങ്ങൾ

1. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുട്ടികൾ എങ്ങനെയാണ് ഫീസ് നൽകുകയെന്നും ഇവരെ ഗവ. മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിക്കുമോയെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിനോട് ആരാഞ്ഞിരുന്നു.

2. സ്‌കോളർഷിപ്പ് പിൻവലിച്ച സാഹചര്യത്തിൽ സർക്കാർ ഈ കുട്ടികളെ എങ്ങനെയാണ് സംരക്ഷിക്കുന്നത്?​

3. ബി പി എൽ കുട്ടികൾ ഫീസ് നൽകണമെന്ന് എങ്ങനെ നിർദ്ദേശിക്കാനാവും?​

35കോടി

ബി പിഎൽ, പട്ടികവിഭാഗം, ഒ ബി സി, ഒ ഇ സി സ്‌കോളർഷിപ്പിനത്തിൽ ഓരോ കോളേജിനും 35 കോടി വീതം ലഭിക്കാനുണ്ടെന്ന് മാനേജ്‌മെന്റുകൾ പറയുന്നു.