
വയോധികരെയോ മദ്ധ്യവയസ്‌ക്കരയോ മാത്രമല്ല ഇന്ന് യുവാക്കളെയും കൊച്ചുകുട്ടികളെയും വരെ അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ് നര. മാനസിക സമ്മർദവും, കെമിക്കലുകളുടെ ഉപയോഗവും, രോഗാവസ്ഥയും പാരമ്പര്യവും തുടങ്ങി നിരവധി കാര്യങ്ങൾ കൊണ്ടാണ് നര ബാധിക്കുന്നത്.
നരയെ താത്ക്കാലികമായി മറച്ച്, കറുപ്പ് നിറം നൽകാൻ പല കമ്പനികളുടെയും ഹെയർ ഡൈ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇത്തരത്തിലുള്ള ചില ഹെയർ ഡൈകൾ പാർശ്വഫലങ്ങൾ ഉണ്ടാക്കും. ചെറുതായൊന്ന് മെനക്കെടാൻ തയ്യാറാണെങ്കിൽ കെമിക്കലുകൾ ഒട്ടും ഉപയോഗിക്കാത്ത കിടിലൻ ഹെയർ ഡൈ വീട്ടിൽ തന്നെയുണ്ടാക്കാം.
കട്ടൻചായ, നീലയമരി, മൈലാഞ്ചി എന്നിവ മാത്രമേ ഈ ഹെയർ ഡൈ തയ്യാറാക്കാൻ ആവശ്യമുള്ളൂ. നല്ല ക്വാളിറ്റിയുള്ള നീലയമരിയും മൈലാഞ്ചിപ്പൊടിയും തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പ്രതീക്ഷിക്കുന്നത്ര റിസൽട്ട് കിട്ടണമെന്നില്ല.
തയ്യാറാക്കുന്ന വിധം
തിളയ്ക്കുന്ന വെള്ളത്തിലേക്ക് തേയിലപ്പൊടി ഇട്ടുകൊടുക്കുക. നന്നായി തിളപ്പിക്കുക. കടും കളർ ആയിക്കഴിഞ്ഞാൽ അടുപ്പിൽ നിന്ന് മാറ്റാം. ഇതിലേക്ക് മൈലാഞ്ചിപ്പൊടി ഇട്ടുകൊടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. ചൂടാറിയ ശേഷം നരയുള്ള ഭാഗങ്ങളിൽ തേച്ചുകൊടുക്കുക. ഒന്നരമണിക്കൂറിന് ശേഷം കഴുകിക്കളയുക.
ഇപ്പോൾ മുടി ചുവന്ന കളറിലായിക്കാണും. ഇനി കട്ടൻ ചായയിലോ അല്ലെങ്കിൽ ഇളം ചൂടുവെള്ളത്തിലോ പേസ്റ്റ് രൂപത്തിലാക്കിയ നീലയമരി തലയിൽ തേച്ചുകൊടുക്കാം. ഒന്നരമണിക്കൂറിന് ശേഷം കഴുകിക്കളയാം. നര അപ്രത്യക്ഷമായത് കാണാം. ഇത് ആഴ്ചയിൽ ഒരു തവണ വച്ച് മുടിയിൽ തേക്കുന്നത് നല്ലതാണ്. മുടിയുടെ ആരോഗ്യത്തിനും ഇവ വളരെ മികച്ചതാണ്.