
ശ്രീനഗർ: ജമ്മു കാശ്‌മീരിലെ പൂഞ്ച് ജില്ലയിൽ സുരക്ഷാ സേനയും പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിടെ
ഭീകരരുടെ സഹായിയെ പിടികൂടി. ഇയാളുടെ പക്കൽ നിന്ന് പാകിസ്ഥാൻ നിർമ്മിത പിസ്റ്റളും രണ്ട് ചൈനീസ് നിർമിത ഗ്രനൈഡുകളും സുരക്ഷാസേന പിടിച്ചെടുത്തു.
കാശ്‌മീരിലെ ഒരു സ്കൂളിൽ അദ്ധ്യാപകനായ ഖമറുദ്ദീൻ എന്നയാളെയാണ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഹരിബുദ്ധ മേഖലയിൽ സംയുക്ത ഓപ്പറേഷൻ നടത്തുകയായിരുന്നു. പൂഞ്ച് മേഖലയിൽ നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയാണ് ആയുധങ്ങളെന്ന് സുരക്ഷാസേന വ്യക്തമാക്കി. പ്രദേശത്ത് സുരക്ഷാസേനയുടെ തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തു,
ജമ്മു കാശ്മീരിൽ അഞ്ച് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. 19ന് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നു. രണ്ടാം ഘട്ട വോട്ടെടുപ്പ് 26 ന് ജമ്മുവിൽ നടക്കും. അനന്ത്നാഗിലും രജൗരിയിലും മേയ് ഏഴിനാണ് തിരഞ്ഞെടുപ്പ്. നാലാം ഘട്ട തിരഞ്ഞെടുപ്പ് മേയ് 13 ന് ശ്രീനഗറിൽ. മേയ് 20നാണ് ബാരാമുള്ളയിൽ അവസാനഘട്ട വോട്ടെടുപ്പ്. ഒരു പാർലമെന്റ് സീറ്റ് മാത്രമുള്ള ലഡാക്കിൽ മേയ് 20ന് അഞ്ചാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കും.