satheesh-savan

കല്ലമ്പലം: കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടയെ ഡാൻസാഫ് സംഘം പിടികൂടി കല്ലമ്പലം പൊലീസിന് കൈമാറി. ചെമ്മരുതി വലിയവിള എസ്.എസ്.ഭവനിൽ സതീഷ് സാവൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ട കേസിലാണ് ഇയാൾ പിടിയിലായത്. സംഭവ ശേഷം ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിരുന്നു. റൂറൽ ഡാൻസാഫ് ടീം നടത്തിയ രഹസ്യ അന്വേഷണത്തിനിടയിൽ വർക്കലയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. 2 തവണ കാപ്പ നിയമപ്രകാരം അറസ്റ്റിലായിട്ടുള്ള പ്രതിയുടെ പേരിൽ വധശ്രമം,​ മോഷണം പിടിച്ചുപറി, മയക്ക് മരുന്ന് വില്പന തുടങ്ങി ധാരാളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. വീടുകളിൽ അതിക്രമിച്ചു കയറി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും കവരുന്നതാണ് പ്രതിയുടെ രീതി. സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ 90ലധികം കേസുകൾ നിലവിലുണ്ടെന്നും വർക്കല, അയിരൂർ സ്‌റ്റേഷനുകളിൽ മാത്രം 5ലേറെ ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കോടയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.