
തൃശൂർ: തൃശൂർ പൂരത്തിന്റെ നടത്തിപ്പിൽ പൊലീസിന് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാൻ നിർദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി പരിശോധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളുണ്ടാകുമെന്ന് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. വലിയ വിവാദമുണ്ടാക്കിയ സംഭവങ്ങളിൽ ഇതുവരെയും ഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നില്ല. ഇതെ തുടർന്നാണ് ആഭ്യന്തര വകുപ്പ് നേരിട്ട് റിപ്പോർട്ട് തേടിയതെന്നാണ് വിവരം. കമ്മീഷണർ പൂരക്കാരെ തടയുന്ന ദൃശ്യങ്ങൾ കൂടി പുറത്തുവന്ന സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കുന്നതെന്നതാണ് ശ്രദ്ധയം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തൃശൂർ പൂരത്തിന് പൊലീസ് അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തിയതിൽ ജനപ്രതിനിധികൾക്കും കടുത്ത അതൃപ്തിയുണ്ട്. പൂരത്തിന് മുൻപ് വനംവകുപ്പിന്റെ നിബന്ധനകൾ കടുപ്പിച്ചതിനെതിരെ മന്ത്രി കെ രാജൻ ശക്തമായി പ്രതികരിച്ചിരുന്നു. വെടിക്കെട്ട് വെെകിപ്പിച്ച് ജനങ്ങളെ നിരാശരാക്കിയതിൽ പൊലീസിനെതിരെ മുന്നണിനേതാക്കൾക്കും പ്രതിഷേധമുണ്ട്.
പൂരദിനത്തിൽ തിരുവമ്പാടി ഭഗവതി രാവിലെ എഴുന്നള്ളുമ്പോഴും പൊലീസ് ഇടപെടൽ സംഘർഷമുണ്ടാക്കിയിരുന്നു. ആനയെഴുന്നള്ളിപ്പിനൊപ്പം ദേവസ്വം ഭാരവാഹികളെ പോലും നിൽക്കാൻ അനുവദിക്കാത്തതാണ് പ്രശ്‌നമായത്. വഴികളടച്ച് ആളുകളെ ബുദ്ധിമുട്ടിച്ചു. കൃത്യസമയത്ത് നിയന്ത്രിക്കാത്തതിനാൽ വാഹനങ്ങൾ പൂരം എഴുന്നള്ളിപ്പിലേയ്ക്ക് എത്തുന്ന സ്ഥിതിയുമുണ്ടായി.
മഠത്തിൽ വരവ് പഞ്ചവാദ്യം ആരംഭിക്കുമ്പോഴും പൊലീസിന്റെ ഇടപെടലുണ്ടായി. ഇവിടെ കമ്മിറ്റിക്കാർ ഉൾപ്പെടെയുള്ളവരെ തള്ളിമാറ്റി. വടക്കുന്നാഥക്ഷേത്രത്തിലെ ഒരു പൂജാരിയെ തടഞ്ഞതായും പരാതിയുണ്ട്. പാറമേക്കാവ് വിഭാഗത്തിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ചപ്പോഴാണിതെന്ന് പറയുന്നു.
അടുത്ത പൂരത്തിനും ഉദ്യോഗസ്ഥതലങ്ങളിൽ അനാവശ്യനിയന്ത്രണം തുടർന്നാൽ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നാണ് തിരുവമ്പാടി ദേവസ്വത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞവർഷത്തെ പൂരത്തിനും തെക്കോട്ടിറക്കത്തിന്റെ സമയത്ത് പൊലീസ് ലാത്തിവീശിയതിന് സിറ്റി പൊലീസ് കമ്മിഷണർക്കെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. ഈയാണ്ടിലും ആവർത്തിച്ചത് പൊറുക്കാനാവില്ലെന്ന് തിരുവമ്പാടി വിഭാഗം വ്യക്തമാക്കി.