live

ന്യൂഡൽഹി: ദൂരദർശന്റെ ലൈവിനിടെ കുഴഞ്ഞുവീണ് വാർത്താ അവതാരക. ദൂരദർശന്റെ കൊൽക്കത്ത ബ്രാഞ്ചിലെ അവതാരകയായ ലോപാമുദ്ര സിൻഹയാണ്കുഴ‌ഞ്ഞുവീണത്. കഠിനമായ ചൂട് കാരണം രക്തസമ്മർദ്ദം പെട്ടെന്ന് താഴ്ന്നതാണ് ബോധരഹിതയാകാൻ കാരണം. വീണ ഉടൻതന്നെ തൊട്ടടുത്തുള്ളവർ വെള്ളം തളിച്ച് ഉമർത്തുകയും വെള്ളം നൽകുകയും ചെയ്തു.

പിന്നീട് ലോപമുദ്ര തന്നെ തനിക്ക് സംഭവിച്ചതിനെക്കുറിച്ച് സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. 'കൂളിംഗ് സിസ്റ്റത്തിലെ തകരാർ കാരണം സ്റ്റുഡിയോയ്ക്കുള്ളിൽ കടുത്ത ചൂടായിരുന്നു.
നാലു സ്റ്റോറിയുണ്ടായിരുന്നു. മൂന്നാമത്തെ സ്റ്റോറി വായിക്കുന്നതിനിടെ കനത്ത ചൂട് അനുഭവപ്പെട്ടു. 21 വർഷത്തെ കരിയറിൽ ഇതുവരെയും സ്റ്റുഡിയോയിൽ വെള്ളം കരുതിയിട്ടില്ല. പക്ഷേ ഇത്തവണ 15 മിനിട്ട് കഴിഞ്ഞപ്പോഴേക്ക് തൊണ്ട വരണ്ടു. വെള്ളം ചോദിച്ചു. എങ്ങനെയോ രണ്ട് വാർത്തകൾ വായിച്ചു. പിന്നീട് പതിയെ വയ്യാതായി. ഞാൻ വിചാരിച്ചത് വാർത്ത വായിച്ച് പൂർത്തിയാക്കാനാകുമെന്നാണ്. പക്ഷേ നടന്നില്ല. കുറച്ചുനേരം വായിച്ചതിന് പിന്നാലെ കാഴ്‌ച മങ്ങി. ടെലിപ്രോംപ്റ്റർ മങ്ങിയാണ് കാണാനായത്. പിന്നീട് ചുറ്റും ഇരുട്ടായി.

കസേരയിലേക്ക് വീണു- അവർ പറഞ്ഞു. ബോധരഹിതയായ ശേഷം സംപ്രേക്ഷണം കൈകാര്യം ചെയ്തതിന് നിർമ്മാതാക്കൾക്ക് നന്ദി പറയുന്നതായും ചാനലിനോട് ക്ഷമ ചോദിക്കുന്നതായും അവർ പറഞ്ഞു. എല്ലാവരും ആരോഗ്യം ശ്രദ്ധിക്കണമെന്നും വീട്ടിലാണെങ്കിലും വെള്ളം കുടിക്കണമെന്നും അവർ പറഞ്ഞു.

വെള്ളിയാഴ്ച ബംഗാളിൽ രേഖപ്പെടുത്തിയത് ഉയർന്ന താപനിലയാണ്. ബംഗാളിലെ മിഡ്നാപ്പൂരിലും ബാങ്കുരയിലും യഥാക്രമം 44.5 ഡിഗ്രി സെൽഷ്യസും 44.6 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
ഉഷ്ണ തരംഗത്തിന് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു.

താപനില കടുത്തതോടെ ബങ്കുറ, വെസ്റ്റ് മിഡ്‌നാപൂർ, ജാർഗ്രാം, ബിർഭം, ഈസ്റ്റ് മിഡ്‌നാപൂർ എന്നിവയുൾപ്പെടെ ബംഗാളിലെ നിരവധി ജില്ലകളിൽ ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.