
കണ്ണൂർ: വീട്ടിലെ വോട്ടിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് യുഡിഎഫ് നൽകിയ പരാതികൾ കണ്ണൂർ ജില്ലാ കളക്ടർ തള്ളി. പേരാവൂരിലും പയ്യന്നൂരിലും വീഴ്ചയില്ലെന്ന് പരാതി പരിശോധിച്ച് ശേഷം ജില്ലാ കളക്ടർ അറിയിച്ചു. രണ്ട് സ്ഥലങ്ങളിലും സഹായി വോട്ട് ചെയ്തത് ക്രമപ്രകാരമാണെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.
പേരാവൂർ പഞ്ചായത്തിലെ 123-ാം ബൂത്തിൽ കല്യാണിയുടെ (106 ) വോട്ട് സിപിഎം പേരാവൂർ ബംഗ്ലക്കുന്ന് ബ്രാഞ്ച് കമ്മിറ്റി അംഗം രേഖപ്പെടുത്തിയെന്നാണ് യുഡിഎഫ് പ്രവർത്തകുടെ ആരോപണം. പോളിംഗ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ കല്യാണിയെ നിർബന്ധപൂർവം സമ്മർദത്തിലാക്കിയാണ് വോട്ട് രേഖപ്പെടുത്തിയതെന്നുമാണ് യുഡിഎഫ് കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ വോട്ടറും മകളും നിർദേശിച്ചയാളാണ് വോട്ട് രേഖപ്പെടുത്താൻ സഹായിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
കണ്ണൂർ മണ്ഡലത്തിലെ പയ്യന്നൂരിൽ കോറോം വില്ലേജിൽ 54-ാം ബൂത്തിൽ വോട്ടർ വി മാധവൻ വെളിച്ചപ്പാടിന്റെ (92) വോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ചെയ്തെന്നായിരുന്നു പരാതി. മാധവൻ വെളിച്ചപ്പാടിന്റെ വീട്ടിലെത്തിയ ഉദ്യാേഗസ്ഥർ വിരലടയാളം പതിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ബാലറ്റ് പേപ്പർ നൽകിയില്ലെന്നും ചൂണ്ടിക്കാട്ടി ഇന്നലെ രാവിലെയാണ് യു ഡി എഫ് മണ്ഡലം കളക്ടർക്ക് പരാതി നൽകിയത്. എന്നാൽ ഇവിടെയും വോട്ടർ നിർദേശിച്ചിട്ടാണ് സഹായിയെ അനുവദിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ പരാതികൾ തള്ളിയത്.