
വാഷിംഗ്ടൺ:വെസ്റ്റ്ബാങ്കിലെ പാലസ്തീൻ പൗരൻമാർക്കെതിരായ മനുഷ്യാവകാശലംഘനങ്ങൾക്ക് ഇസ്രയേൽ സൈനിക യൂണിറ്റായ നെറ്റ്സ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ യു.എസ് ആലോചിക്കുന്നു.
യു.എസ് നീക്കത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമർശിച്ചു. ഭീകരർക്കെതിരെ പൊരുതുന്ന തങ്ങളുടെ സൈന്യത്തിന് ഉപരോധം ഏർപ്പെടുത്തുന്നത് ധാർമ്മികമല്ലെന്ന് നെതന്യാഹു എക്‌സിൽ കുറിച്ചു.
വെസ്റ്റ് ബാങ്കിൽ പാലസ്തീൻ വംശജർക്കെതിരെ അക്രമങ്ങൾ നടത്തിയ ഇസ്രയേലി പൗരന്മാർക്ക് യു.എസ് നേരത്തെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യമായാണ് സൈനിക യൂണിറ്റിനെതിരെ ഉപരോധ നീക്കം. യു.എസ് പ്രതികരിച്ചിട്ടില്ല.
ഉപരോധം നടപ്പാക്കിയാൽ യു.എസിന്റെ ആയുധങ്ങളും മറ്റ് സഹായങ്ങളും നെറ്റ്സ യെഹൂദയ്ക്ക് ഉപയോഗിക്കാനാകില്ല. യു.എസ് സൈന്യവുമായുള്ള സംയുക്ത പരിശീലനത്തിനും വിലക്ക് വരും.
ഉപരോധ നീക്കങ്ങളെ എല്ലാ തരത്തിലും പ്രതിരോധിക്കും.
ബെഞ്ചമിൻ നെതന്യാഹു, ഇസ്രയേൽ പ്രധാനമന്ത്രി
ഉപരോധം പരിധികടന്നുള്ള നീക്കമാകും.
- ഇറ്റാമർ ബെൻ - ഗ്വിർ, ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി
പാലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് അംഗീകരിക്കാൻ ഇസ്രയേലിനെ നിർബന്ധിക്കാനുള്ള ആസൂത്രിത നീക്കമാണിത്.
- ബെസാലേൽ സ്മോട്രിച്, ഇസ്രയേൽ ധനമന്ത്രി
നെറ്റ്സ യെഹൂദ ക്രൂരതയ്‌ക്ക് കുപ്രസിദ്ധം
സ്ഥാപിച്ചത് 1999ൽ
ആയിരത്തിലേറെ പുരുഷ അംഗങ്ങൾ
വനിതാ സൈനികരുമായി ഇടപെടാൻ അനുവാദമില്ല
മനുഷ്യാവകാശ ലംഘനങ്ങൾക്കും ക്രൂരതകൾക്കും കുപ്രസിദ്ധം
തീവ്ര യാഥാസ്ഥിതിക വലതുപക്ഷ കാലാൾപ്പട
ജൂത വിശ്വാസങ്ങൾ പാലിക്കുന്നു
മതപഠനത്തിനും പ്രാർത്ഥനയ്ക്കും സമയം
പാലസ്തീനികളെ തടവിലാക്കി പീഡനം
2022ൽ പാലസ്തീൻ - യു. എസ് പൗരൻ കസ്റ്റഡിയിൽ മരിച്ചു. യു.എസ് അന്വേഷണം
2022 ഡിസംബറിൽ വെസ്റ്റ് ബാങ്കിന് പുറത്തേക്ക് മാറ്റി. ശേഷം വടക്കൻ ഇസ്രയേലിൽ പ്രവർത്തനം
ഗാസയിലും വിന്യസിച്ചു
2600 കോടി ഡോളർ സഹായം
ഇതിനിടെ, ഇസ്രയേലിന് 2600 കോടി ഡോളറിന്റെ സൈനിക സഹായം നൽകാനുള്ള ബില്ല് യു.എസ് ജനപ്രതിനിധി സഭയിൽ പാസായി. സെനറ്റിൽ പാസായാൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പിടും. 910 കോടി ഡോളർ മാനുഷിക സഹായങ്ങൾക്കാണ്. പാക്കേജിന് നെതന്യാഹു നന്ദി അറിയിച്ചു.
മരണം 34,000 കടന്നു
ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ മരണം 34,000 കടന്നു. 24 മണിക്കൂറിനിടെ 48 പേർ കൊല്ലപ്പെട്ടു. റാഫയിൽ 18 പേർ കൊല്ലപ്പെട്ടു. 14 പേരും കുട്ടികളാണ്.