#വടകരയിൽ ശൈലജ മലക്കം
മറിഞ്ഞെന്ന് കോൺഗ്രസ്
തിരുവനന്തപുരം: സ്ഥാനാർത്ഥികളെയും മുന്നണികളെയും തിരിഞ്ഞുകുത്തുന്ന ആരോപണങ്ങൾ. ഇടതു,വലതു മുന്നണികളെ പ്രതിക്കൂട്ടിലാക്കി വീട്ടിലെ വോട്ട് പരാതികൾ. രാഹുലിനെയും പ്രിയങ്കയെയും പ്രഹരിച്ചും ബി.ജെ.പിയെ കശക്കിയും മുഖ്യമന്ത്രി.കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ വീണ്ടും ആഞ്ഞടിച്ച് പ്രധാനമന്ത്രി. തൃശൂർ പൂരം തകിടം മറിഞ്ഞതിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം.
സംസ്ഥാനത്ത് വിധിയെഴുത്തിന് നാല് ദിവസം ശേഷിക്കെ,അടികളും തിരിച്ചടികളും സൃഷ്ടിക്കുന്ന അടിയൊഴുക്കുകളിൽ ജയപരാജയങ്ങൾ മാറിമറിയാൻ സാദ്ധ്യതയേറി.മത,സമുദായ സമവാക്യങ്ങളുടെ സ്വാധീനംകൂടിയാകുമ്പോൾ ,കണക്കുകൂട്ടലുകൾ പിഴയ്ക്കുമോ എന്ന ആശങ്ക മൂന്നു മുന്നണിക്കുമുണ്ട്.
ചോർച്ചകൾ തടയാനുള്ള അതീവ ജാഗ്രതയിലാണ് നേതാക്കളും പ്രവർത്തകരും.
വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയ വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ വീഡിയോ ഇല്ലെന്ന് പറഞ്ഞത് കോൺഗ്രസിന് ആശ്വാസമായി.നുണ ബോംബ് പൊട്ടിയ സാഹചര്യത്തിൽ സി.പി.എം മാപ്പ് പറയുകയും കേസുകൾ പിൻവലിക്കുകയും ചെയ്യണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടത്.
തന്നെ ഇ.ഡി ജയിലിലടയ്ക്കാത്തത് എന്തെന്ന് ചോദിച്ച രാഹുലിനെയും അതേറ്റു പിടിച്ച പ്രിയങ്കയെയും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ കണക്കിന് പരിഹസിച്ചു. ഇവിടെ ഒന്നും കിട്ടില്ലെന്ന് തിരിച്ചറിഞ്ഞാണ് മോദിയും കൂട്ടരും കേരളത്തിനെതിരെ തിരിയുന്നതെന്ന് പറഞ്ഞ പിണറായി,ബി.ജെ.പിയെ ഉത്തരേന്ത്യയിൽ നേരിടാനാനാവാതെയാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടിയതെന്നും ആരോപിച്ചു. പിണറായിയുടെയും മോദിയുടെയും സ്വരം ഒന്നല്ലേ എന്നാണ് കോൺഗ്രസിന്റെ വലിയ ചോദ്യം.
വീണുകിട്ടുന്ന ആയുധങ്ങൾ
വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജയ്ക്കെതിരെ ഉയർന്ന അശ്ലീല സൈബർ ആക്രമണ പരാതികൾ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. യു.ഡി.എഫും സ്ഥാനാർത്ഥി ഷാഫി പറമ്പിലും പ്രതിരോധത്തിലാവാവുകയും ചെയ്തിരുന്നു.
വടകര മണ്ഡലം ഉൾപ്പെട്ട പാനൂരിലെ ബോംബ് സ്ഫോടനത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഇത് സി.പി.എമ്മിന് തുണയായി.
മോർഫ് ചെയ്ത അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചതായി പറഞ്ഞിട്ടില്ലെന്നാണാണ്ഇന്നലെ ശൈലജ വിശദീകരിച്ചത്. ഫോട്ടോ മാറ്റി ഒട്ടിച്ച് വ്യക്തിഹത്യ നടത്തിയെന്നാണ് പരാതി.
തൃശൂർ പൂരം അലങ്കോലമായത് അപ്രതീക്ഷിതമായി വീണുകിട്ടിയ ആയുധമായി. പൂരം പൊലീസ് അലങ്കോലമാക്കിയത്ബി ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ സഹായിക്കാനാണെന്നാണ് യു.ഡി.എഫിന്റെ ആരോപണം. ഇതിന് ഉത്തരവാദിയായ സിറ്റി പൊലീസ് കമ്മിഷണറെ സ്ഥലം മാറ്റിയാണ് സർക്കാർ മുഖം രക്ഷിച്ചത്.