
കൊച്ചി: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ അഞ്ച് ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഐ ഫോൺ നിർമ്മാതാക്കളായ ആപ്പിൾ തയ്യാറെടുക്കുന്നു. ഐ ഫോണുകളുടെ നിർമ്മാണ കരാറുകൾ കൂടുതൽ ഇന്ത്യൻ കമ്പനികൾക്ക് ലഭ്യമാക്കാൻ ആപ്പിൾ തയ്യാറാകുന്നതിനാൽ രാജ്യത്ത് വരും വർഷങ്ങളിൽ വൻ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര സർക്കാരിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ ആപ്പിളിന്റെ കരാർ നിർമ്മാതാക്കളും സപ്ളൈയർമാരും ചേർന്ന് ഒന്നര ലക്ഷം പേർക്കാണ് ജോലി നൽകിയിട്ടുള്ളത്. ആപ്പിളിന്റെ രണ്ട് ഫാക്ടറികൾ നടത്തുന്ന ടാറ്റ ഇലക്ട്രോണിക്സാണ് ഏറ്റവും കൂടുതൽ പേർക്ക് ജോലി നൽകിയത്.
ഐ ഫോണുകളുടെ നിർമ്മാണത്തിലെ ആഗോള ഹബായി ഇന്ത്യയെ മാറ്റാൻ ലക്ഷ്യമിട്ട് അടുത്ത നാല് വർഷത്തിനുള്ളിൽ 3.32 ലക്ഷം കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്നുള്ള ഐ ഫോണുകളുടെ കയറ്റുമതി നൂറ് ശതമാനം ഉയർന്ന് 121 കോടി ഡോളറായിരുന്നു.