
വാഷിംഗ്ടൺ: യുക്രെയിന് 6100 കോടി ഡോളറിന്റെ സൈനിക സഹായ പാക്കേജ് അനുവദിക്കുന്നതിനുള്ള ബില്ലിന് യു.എസ് ജനപ്രതിനിധി സഭയുടെ അംഗീകാരം. 311 അംഗങ്ങൾ അനുകൂലിച്ചപ്പോൾ 112 റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ എതിർത്തു. പാക്കേജിൽ, 2300 കോടി ഡോളർ യു.എസ് ആയുധങ്ങളുടെയും വെടിമരുന്നുകളുടെയും സംഭരണത്തിന് വിനിയോഗിക്കും. ബില്ല് ഈ ആഴ്ച സെനറ്റിൽ അവതരിപ്പിക്കും. ഇവിടെ പാസായ ശേഷം പ്രസിഡന്റ് ജോ ബൈഡൻ ഒപ്പിടുന്നതോടെ നിയമമാകും. എന്നാൽ സഹായം എപ്പോൾ കൈമാറുമെന്ന് വ്യക്തമല്ല. യു.എസിന്റെ പിന്തുണയ്ക്ക് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി നന്ദി അറിയിച്ചു. ശക്തമായി തുടരുന്ന റഷ്യൻ ആക്രമണത്തെ ചെറുക്കാൻ മതിയായ ആയുധങ്ങളില്ലാതെ യുക്രെയിൻ സൈന്യം പ്രതിസന്ധി നേരിടുന്നതിനിടെയാണ് യു.എസിന്റെ സഹായം. കഴിഞ്ഞ ഡിസംബറിൽ 6000 കോടി ഡോളറിന്റെ സഹായ ബില്ല് ബൈഡൻ ഭരണകൂടം മുന്നോട്ടുവച്ചെങ്കിലും റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ സെനറ്റിൽ തടഞ്ഞിരുന്നു. രാജ്യത്തെ പൗരന്മാർ നൽകുന്ന നികുതിപ്പണം വൻതോതിൽ നൽകുന്നെന്ന് കാട്ടിയാണ് റിപ്പബ്ലിക്കൻമാർ എതിർത്തത്. 2022 ഫെബ്രുവരിയിൽ റഷ്യൻ അധിനിവേശം ആരംഭിച്ചത് മുതൽ യുക്രെയിന് യു.എസ് സഹായം നൽകുന്നുണ്ട്.