d

കൊച്ചി : കൊച്ചി നഗരത്തിൽ എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതി പുരോഗമിക്കുകയാണെന്ന് മേയർ എം.അനിൽകുമാർ അറിയിച്ചു. സി.എസ്.എം.എൽ നടപ്പിലാക്കുന്ന പദ്ധതിക്ക് 40 കോടി രൂപയാണ് ചെലവ്. പദ്ധതിയുടെ കീഴിൽ 40400 എൽ.ഇ.ഡി ലൈറ്റുകൾ ആണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മാറ്റുന്നത്. ഇതിനകം 85 റോഡുകളിലായി ഏകദേശം 5000 ലൈറ്റുകൾ മാറിക്കഴിഞ്ഞതായി മേയർ അറിയിച്ചു. വൈദ്യുതി ബില്ലിൽ ഒരു വർഷം 9 കോടി രൂപ ലാഭിക്കാൻ സാധിക്കുമെന്നും പരിപാലന ചെലവ് കൂടി കണക്കാക്കുമ്പോൾ ലാഭം 11.5 കോടി രൂപയാകുമെന്നും മേയർ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി

മേയറുടെ ഫേസ്ബുക്ക് കുറിപ്പ്

കൊച്ചിയുടെ രാത്രികാലങ്ങള്‍ പ്രകാശ പൂരിതമാക്കാന്‍ നഗരത്തിൽ എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കുകയാണ്. സി.എസ്.എം.എല്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഈ പദ്ധതിക്ക് 40 കോടി രൂപയാണ് ചിലവ്. 40400 എല്‍.ഇ.ഡി ലൈറ്റുകള്‍ ആണ് നഗരത്തിന്‍റ വിവിധ ഭാഗങ്ങളിലായി മാറ്റുന്നത് ഇതിനകം 85 റോഡുകളിലായി ഏകദേശം 5000 ലൈറ്റുകൾ മാറി കഴിഞ്ഞു. നാഷണൽ ഹൈവേയിൽ NHAI യു ജി കേബിളുകൾ പൊട്ടിച്ചിട്ടുണ്ട്. എൻ.എച്ചിൽ ലൈറ്റ് മാറിയിട്ടും കത്തിക്കാൻ പറ്റാതെ ചില സ്ഥലങ്ങൾ ഇരുട്ടിലാണ്. അതും പരിഹരിക്കും. ഡിവിഷനുകളിലെ പ്രധാന റോഡുകളിൽ ലൈറ്റുകൾ മാറ്റുകയാണ്. കേബിൾ പ്രശ്നം ഒരു പ്രതിസന്ധിയാണ്.

7 വര്‍ഷം വരെ വാറന്‍റിയും ഇതില്‍ അഞ്ചു വര്‍ഷം വരെ പ്രവര്‍ത്തനവും പരിപാലനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയതിനാല്‍ തന്നെ നഗരസഭയുടെ സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാന്‍ സാധിക്കും. കൂടാതെ കഴിഞ്ഞ വര്‍ഷങ്ങളിലെ വൈദ്യുതി ബില്ലിന്‍റെ ഒരു മാസത്തെ ശരാശരി തുക കണക്കാക്കിയാല്‍ ഏകദേശം ഒരു കോടി രൂപയിൽ അധികമാണ്..എന്നാല്‍ പുതിയ പദ്ധതി വരുന്നതോടെ ഇത് ഇരുപത്തി ഒന്‍പതു ലക്ഷം രൂപയായി കുറയും. അപ്രകാരം ഒരു വര്‍ഷത്തില്‍ ഏകദേശം ഒന്‍പതു കോടി രൂപ ലാഭിക്കാന്‍ സാധിക്കും. കൂടാതെ പരിപാലന ഇനത്തില്‍ കോര്‍പ്പറേഷന് വരുന്ന ചെലവില്‍ ആദ്യ അഞ്ചു വര്‍ഷത്തില്‍ 2.5 കോടി രൂപ വീതം ലാഭിക്കാന്‍ സാധിക്കും. അതുകൂടി കണക്കാക്കിയാല്‍ 11.5 കോടി രൂപയാണ് നഗരസഭയ്ക്ക് ഒരു വര്‍ഷത്തില്‍ ഉണ്ടാകുന്ന ലാഭം. ഈ പദ്ധതി വരുന്നതോടെ വൈദ്യുതി ബില്ലിനത്തില്‍ പദ്ധതിയുടെ മുടക്കു മുതലും ലാഭവും ലഭ്യമാകും

ഈ ലൈറ്റുകള്‍ ഗ്രൂപ്പ് കണ്ട്രോള്‍ സംവിധാനത്തിലൂടെ നിയന്ത്രിക്കാനും, വൈദ്യുതി ഉപയോഗം വിശകലനം ചെയ്യാനും വിളക്കുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചാൽ മനസ്സിലാക്കി ഉടനടി പരിഹാരം ചെയ്യാനും സാധിക്കും. നഗരത്തെ കൈപിടിച്ചുയര്‍ത്താന്‍ ഉതകുന്ന വെളിച്ച വിപ്ലവത്തിനാണ് നമ്മൾ തുടക്കം കുറിച്ചിരിക്കുന്നത്. ഊർജ ഉപയോഗം കുറച്ച് കൂടുതൽ വെളിച്ചം പകർന്ന് നാം മുന്നേറുകയാണ്. കൊച്ചി പഴയ കൊച്ചിയാകില്ല . ഉറപ്പ്