
മൊഹാലി : പഞ്ചാബ് കിംഗ്സിനെതിരെ നടന്ന ഇന്നലത്തെ രണ്ടാം ഐ.പി.എൽ മത്സരത്തിൽ മൂന്ന് വിക്കറ്റിന്റെ വിജയം നേടി ഗുജറാത്ത് ടൈറ്റാൻസ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ 142 റൺസിന് ആൾഒൗട്ടാവുകയായിരുന്നു.മറുപടിക്കിറങ്ങിയ ഗുജറാത്ത് അഞ്ചുപന്തുകളും മൂന്ന് വിക്കറ്റുകളും ബാക്കിനിൽക്കേ ലക്ഷ്യത്തിലെത്തി. സീസണിലെ ഗുജറാത്തിന്റെ നാലാം ജയമാണിത്. പഞ്ചാബിന്റെ ആറാം തോൽവിയും.
നാലുവിക്കറ്റ് നേടിയ സ്പിന്നർ സായ് കിഷോറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നൂർ അഹമ്മദും മോഹിത് ശർമ്മയും നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനും ചേർന്നാണ് പഞ്ചാബിനെ ഒതുക്കി നിറുത്തിയത്.
ക്യാപ്ടൻ സാം കറാനും (20), പ്രഭ് സിമ്രാൻ സിംഗും (35) ചേർന്ന് 5.3 ഓവറിൽ 52 റൺസ് നേടി പഞ്ചാബിന് മികച്ച തുടക്കം നൽകിയെങ്കിലും അത് പ്രയോജനപ്പെടുത്താൻ പിന്നാലെ വന്നവർക്കായില്ല. റിലീ റൂസോ (9),ജിതേഷ് ശർമ്മ(13), ശശാങ്ക് സിംഗ്(8),അശുതോഷ് ശർമ്മ (3) എന്നിവർ ഒന്നിന് പിന്നാലെ ഒന്നായി കൂടാരം കയറിയതോടെ അവർ 99/7 എന്ന നിലയിലായി. തുടർന്ന് ഹർപ്രീത് ബ്രാർ (29), ഹർപ്രീത് സിംഗ് (14) എന്നിവർ നടത്തിയ പോരാട്ടമാണ് 142ലെത്തിച്ചത്.
ചേസിംഗിനിറങ്ങിയ ഗുജറാത്തിന് വേണ്ടി ശുഭ്മാൻ ഗിൽ(35),സായ് സുദർശൻ (31),രാഹുൽ തേവാത്തിയ (36*) എന്നിവരാണ് പൊരുതിയത്. ഇടയ്ക്ക് വിക്കറ്റുകൾ നഷ്ടമയെങ്കിലും ചേസ് ചെയ്യാനുള്ള സ്കോർ ചെറുതായിരുന്നതിനാൽ ടൈറ്റാൻസിന് വലിയ സമ്മർദ്ദമുണ്ടായില്ല. രാഹുൽ തേവാത്തിയ ഫിനിഷിംഗിൽ കാട്ടിയ മികവ് മുൻ ചാമ്പ്യന്മാർക്ക് തുണയായി.
പോയിന്റ് നില
( ടീം,കളി,ജയം,തോൽവി ,
പോയിന്റ് ക്രമത്തിൽ )
രാജസ്ഥാൻ 7-6-1-12
കൊൽക്കത്ത 7-5-2-10
ഹൈദരാബാദ് 7-5-2-10
ചെന്നൈ 7-4-3-8
ലക്നൗ 7-4-3-8
ഗുജറാത്ത് 8-4-4-8
മുംബയ് 7-4-3-6
ഡൽഹി 8-3-5-6
പഞ്ചാബ് 8-2-6-4
ബെംഗളുരു 8-1-7-2