
ബെൽഗ്രേഡ്: തെക്കൻ സെർബിയൻ നഗരമായ നിസിന് സമീപം വർഷങ്ങളായി പൊട്ടാതെ മറഞ്ഞുകിടന്ന ഭീമൻ ബോംബ് അധികൃതർ സുരക്ഷിതമായി നീക്കി.
1999ലെ നാറ്റോ ബോംബാക്രമണത്തിന്റെ ബാക്കിപത്രമായി അവശേഷിച്ച 1,000 കിലോഗ്രാം ഭാരമുള്ള ബോംബാണ് ഒരു നിർമ്മാണ മേഖലയിൽ നിന്ന് ഇന്നലെ നീക്കം ചെയ്തത്. ബോംബ് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഈ മേഖലയിലെ ആയിരക്കണക്കിന് താമസക്കാരെ ഒഴിപ്പിച്ചിരുന്നു. ബോംബ് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയെന്നും നശിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
എം.കെ - 84 ഇനത്തിലെ ബോംബിൽ 430 കിലോഗ്രാം സ്ഫോടക ശേഷിയുള്ള വസ്തുക്കളുണ്ട്. 1999 മാർച്ച് 24നാണ് സെർബിയയ്ക്ക് നേരെ നാറ്റോ ബോംബിംഗ് ആരംഭിച്ചത്. യു.എൻ സുരക്ഷാ സമിതിയുടെ അനുമതിയില്ലാതെ നടന്ന ഈ ബോംബിംഗ് 78 ദിവസം നീണ്ടുനിന്നു. നിരവധി പേർക്കാണ് ആക്രമണങ്ങൾക്കിടെ ജീവൻ നഷ്ടമായത്.