bachchan

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി'യുടെ പുത്തൻ ടീസർ പുറത്തിറക്കി. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെ കുറിക്കുന്ന ടീസറാണ് പുറത്തിറക്കിയത്. മഹാഭാരതത്തിലെ പ്രശസ്‌തമായ ദ്രോണാചാര്യ പുത്രനായ ചിരഞ്ജീവിയായ അശ്വത്ഥാമാവിനെയാണ് ബിഗ് ബി അവതരിപ്പിക്കുന്നത്. തീർത്തും വ്യത്യസ്‌തമായ ഗെറ്റപ്പിൽ ഡീ-ഏജിംഗ് ടെക്‌നോളജി ഉപയോഗിച്ച് തയ്യാറാക്കിയ ചെറുപ്പകാലത്തെ വേഷമാണ് ഒരുമിനിട്ട് ഒൻപത് സെക്കന്റ് നീളുന്ന ടീസറിൽ ഉള്ളത്.

പ്രഭാസ് 'ഭൈരവ' എന്ന നായക കഥാപാത്രമാകുന്ന കൽക്കി 2898 എഡി മേയ് 9ന് ലോകവ്യാപകമായി റിലീസ് ചെയ്യും. അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുകോൺ, ദിഷ പഠാനി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ്. സാൻ ഡീഗോ കോമിക്‌കോണിൽ കഴിഞ്ഞ വർഷം നടന്ന തകർപ്പൻ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച ചിത്രം വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് നിർമ്മാണം. മദ്ധ്യപ്രദേശിലെ നേമാവറിൽ അശ്വത്ഥാമാവ് ജീവനോടെയുണ്ട് എന്ന ഐതിഹ്യമുള്ളതിനാൽ ഇവിടെവച്ചാണ് ബച്ചന്റെ കഥാപാത്രത്തെ കുറിച്ച് വിവരങ്ങൾ പുറത്തുവിട്ടത്.