rice

തിരുവല്ല: മണ്ണിന്റെ ജൈവസമ്പത്ത് നിലനിറുത്തി യുവകർഷകരുടെ കൂട്ടായ്മയിൽ നെൽകൃഷിയിൽ നൂറുമേനി വിളവെടുത്തു. നിരണംപഞ്ചായത്തിലെ അരിയോടിച്ചാൽ പാടത്തെ 11 ഏക്കറിലാണ് ഒൻപതാം വർഷവും ഇവർ കൃഷിയിൽ വിജയം കൊയ്യുന്നത്. തിരുവല്ല മഹാലക്ഷ്മി സിൽക്സ് ഉടമ ടി.കെ വിനോദ് കുമാർ, കടപ്ര എസ്.എൻ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഹരികൃഷ്ണൻ, പ്രവാസി മലയാളി ഓമനകുമാർ എന്നിവരാണ് ജൈവകൃഷി ചെയ്ത് മാതൃകയാകുന്നത്. ജോലി തിരക്കുകൾക്കിടയിലും തനത് കൃഷിയിലുള്ള ഇവരുടെ താൽപ്പര്യമാണ് നല്ലവിളവ് നേടിയെടുക്കാൻ സാധിക്കുന്നത്.

ഹൈബ്രിഡ് വിത്തുകൾക്ക് പകരം പരമ്പരാഗതമായ വയനാടൻ നെൽവിത്തുകളാണ് ഇവർ കൃഷിചെയ്യുന്നത്. ഇത്തവണ ഉപയോഗിച്ചത് കുഞ്ഞ് കുഞ്ഞ് എന്ന ഇനത്തിൽപ്പെട്ട വിത്താണ്. നാടൻ പശുവിന്റെ ചാണകവും ഗോമൂത്രവുമാണ് വളം. ഇത് വിനോദ് കുമാറിന്റെ ഫാമിൽ നിന്നെത്തിക്കും. സുഭാഷ് പലേക്കർ ആരംഭിച്ച സീറോ ബഡ്ജറ്റ് നാച്വറൽ ഫാമിംഗ് പദ്ധതി പ്രകാരമുള്ള കൃഷിരീതിയാണ് ഇവർ പിന്തുടരുന്നത്. യാതൊരുവിധ കീടനാശിനി ഉപയോഗവും നെൽകൃഷിയ്ക്ക് വേണ്ടിവരുന്നില്ല. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാത്തതിനാൽ നെല്ലിന് രോഗപ്രതിരോധ ശേഷിയും കൂടുതലാണെന്ന് ഇവർ പറയുന്നു.

മേന്മയുള്ള അരി ആഹാരം കഴിക്കാം

മറ്റു കർഷകരെ അപേക്ഷിച്ച് വിളവെടുത്ത നെല്ല് ഇവർ സിവിൽ സപ്ലൈസിന് കൊടുക്കാറില്ല. സ്വന്തമായി നെല്ല് പുഴുങ്ങി അരിയാക്കി ആവശ്യക്കാർക്ക് നൽകുന്നു. അമ്പത് ശതമാനം തവിട് നിലനിറുത്തി കുത്തിയെടുക്കുന്നതിനാൽ ഫൈബറിന്റെ അളവ് കൂടുതലാണ്. അതിനാൽ ഷുഗർ രോഗികൾക്കും കുഞ്ഞുങ്ങൾക്കുമെല്ലാം മേന്മയുള്ള അരി ആഹാരം കഴിക്കാം. ഗുണനിലവാരം കൂടുതലുള്ളതിനാൽ കിലോയ്ക്ക് 100 രൂപയാണ് അരിവില. വർഷത്തിൽ 500 കിലോയിലധികം അരി ആവശ്യക്കാർക്ക് നൽകിവരുന്നു കൂടുതൽ സ്ഥലങ്ങളിലേക്ക് ജൈവകൃഷിയെ വ്യാപിപ്പിക്കാനും ഇവർ ശ്രമിക്കുന്നുണ്ട്. പ്രദേശവാസികളായ കാഥികൻ നിരണം രാജൻ, ജിജു, ഷിബു എന്നിവരൊക്കെ ഇവരുടെ ജൈവകൃഷിക്ക് പിന്തുണയേകുന്നു.