
ലണ്ടൻ: ഭക്ഷണം കഴിച്ച ശേഷം പണമടയ്‌ക്കാതെ റസ്റ്റോറന്റിൽ നിന്ന് മുങ്ങിയ എട്ടംഗ കുടുംബത്തിനെതിരെ പരാതി. കഴിഞ്ഞ ദിവസം യുകെയിലാണ് സംഭവമുണ്ടായത്. 34,000 രൂപയ്‌ക്കാണ് (329 പൗണ്ട്) എട്ടുപേർ ചേർന്ന് ഭക്ഷണം കഴിച്ചത്. ബില്ലടയ്‌ക്കാതെ ഇവർ മുങ്ങിയ കാര്യം റസ്റ്റോറന്റ് ഉടമ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കുകയും ചെയ്‌തു.
'ഭക്ഷണം കഴിച്ച ശേഷം സംഘത്തിലുണ്ടായിരുന്ന യുവതി ബാങ്കിന്റെ കാർഡ് ഉപയോഗിച്ച് ബില്ലടയ്‌ക്കാൻ ശ്രമിച്ചു. എന്നാൽ രണ്ട് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് താൻ മറ്റൊരു കാർഡ് എടുത്തിട്ട് വരാമെന്നും അതുവരെ മകൻ റെസ്റ്റോറന്റിലിരിക്കുമെന്നും പറഞ്ഞ ശേഷം അവർ പുറത്തിറങ്ങി. അൽപ്പസമയത്തിന് ശേഷം മകന് ഒരു ഫോൺ കോൾ വന്നു. ഇതോടെ അയാളും പുറത്തിറങ്ങി. പണം തരാതെ മുങ്ങിയതാണെന്ന് മനസിലായതോടെ ഇവർ റസ്റ്റോറന്റിൽ വന്നപ്പോൾ നൽകിയ ഫോൺ നമ്പറിലേക്ക് വിളിച്ചുനോക്കിയെങ്കിലും കിട്ടിയില്ല. ഇതോടെ നമ്പറും വ്യാജമാണെന്ന് മനസിലായി. മറ്റ് മാർഗങ്ങളൊന്നും ഇല്ലാതായതോടെ ഞങ്ങൾ പൊലീസിൽ പരാതി നൽകി. ആരോടും ഇങ്ങനെ ചെയ്യരുത്. പുതിയ റസ്റ്റോറന്റിൽ വന്ന് ഇങ്ങനെ ചെയ്യുന്നത് വളരെ മോശമാണ്.' - ഉടമ പോസ്റ്റിൽ കുറിച്ചു.
നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വന്നിട്ടുള്ളത്. 'എല്ലാ റസ്റ്രോറന്റുകളിലെയും രീതികൾ മാറണം. ആദ്യം പണമടച്ച ശേഷം മാത്രം ഭക്ഷണം വിളമ്പുക', 'കുറച്ച് മാസങ്ങൾക്ക് മുമ്പ് ചില്ലി ടൂവിൽ ഈ കുടുംബം സമാനമായ തട്ടിപ്പ് നടത്തി. ഇതൊക്കെ വളരെ മോശമാണ് ', 'ഇനി എല്ലാ റസ്റ്റോറന്റുകളിലും ഈ കുടുംബത്തിന്റെ ചിത്രങ്ങൾ പതിക്കണം' തുടങ്ങിയ കമന്റുകളാണ് ഏറെയും. തട്ടിപ്പ് സ്ഥിരമാക്കിയ ഈ കുടുംബത്തിന് വേണ്ടിയുള്ള അന്വേഷണം പൊലീസ് ആരംഭിച്ചുകഴിഞ്ഞു.