suresh-gopi

തൃശൂർ: പൊലീസുകാർ പൂരം കുളമാക്കിയത് ബിജെപിക്ക് വേണ്ടിയെന്ന ആരോപണവുമായി തൃശൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. ബിജെപിക്ക് വേണ്ടിയാണ് പൂരം കലക്കിയതെന്നും സിപിഎമ്മിന്റെ അജണ്ട നടപ്പിലാക്കാൻ കമ്മീഷണറെ ഉപയോഗിച്ചതാണെന്നും കെ മുരളീധരൻ ആരോപിച്ചു.

' പൂരത്തിനിടെ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചത് സുരേഷ് ഗോപിയാണെന്ന പ്രചാരണം ഇപ്പോൾ ബിജെപി സൈബർ സെൽ ചെയ്യുന്നുണ്ട്. വോട്ട് കച്ചവടത്തിനുള്ള അന്തർധാര പുറത്തായിരിക്കുന്നു. കമ്മീഷണറെ തൽക്കാലത്തേക്ക് മാറ്റി നിർത്തുന്നതാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ വീണ്ടും ഇവിടെത്തന്നെ കൊണ്ടുവരും. കമ്മീഷണർ മറ്റ് സമ്മർദങ്ങൾക്ക് വഴങ്ങിയോ എന്നറിയാൻ ജു‌ഡീഷ്യൽ അന്വേഷണം വേണം. പൂരം കലക്കാൻ കമ്മീഷണർ രാവിലെ മുതൽ ശ്രമിച്ചുകൊണ്ടിരുന്നു. ഇതിന് ഞാൻ തന്നെ സാക്ഷി. പൂരത്തിന്റെ എവിടെയും സുരേഷ് ഗോപിയെ കണ്ടില്ല. പിന്നീട് സേവാഭാരതിയുടെ ആംബുലൻസിൽ വന്ന് ഷോ കാണിച്ചു. തൃശൂരിൽ യുഡിഎഫ് തന്നെ ജയിക്കും.' - കെ മുരളീധരൻ പറഞ്ഞു.

അതേസമയം, പൂരത്തിന്റെ പരമ്പരാഗത രീതിക്ക് ഭംഗം വന്നതിന് പിന്നിൽ പ്ലാൻ നടന്നിട്ടുണ്ടെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. 'പൂരം കുളമാക്കിയതിന് പിന്നിൽ പ്ലാനുണ്ട്, ഗൂഢാലോചനയുണ്ട്. വെടിക്കെട്ട് തടസപ്പെട്ടപ്പോൾ എന്നെ വിളിച്ചുവരുത്തിയതാണ്. രണ്ട് മണിക്ക് വിളിച്ചു. 2.10ന് പുറപ്പെട്ടു. എന്നെ ബ്ലോക്ക് ചെയ്‌തതിനാൽ സേവാഭാരതിയുടെ ആംബുലൻസിലാണ് വന്നത്. ഏത് പാർട്ടിയുടെ ഇടപെടൽ ഉണ്ടായാലും അന്വേഷിച്ച് കണ്ടെത്തട്ടെ. ഇതേ കമ്മീഷണറെ നിർത്തി മര്യാദക്ക് പൂരംനടത്തിക്കാണിക്കണം. തിരുവമ്പാടി ദേവസ്വത്തിൽ നിന്നാണ് എന്നെ വിളിച്ചത്. കൂടുതൽ തല്ല് കൊള്ളാതിരിക്കാൻ നിർത്തിപ്പോവുക എന്നാണ് പൊലീസ് പറഞ്ഞത്. കമ്മീഷണർ തനിക്ക് ലഭിച്ച നിർദേശമാണ് പാലിച്ചത്. ചുമ്മാ അടുക്കള വർത്താനം പറയരുത്.' - സുരേഷ് ഗോപി പറഞ്ഞു.