season

തിരുവനന്തപുരം: വേനലെത്തിയതോടെ തലസ്ഥാനത്ത് മാമ്പഴ വിപണി സജീവമാണ്. നാടൻ ഇനങ്ങളെക്കാൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളാണ് വിപണിയിൽ കൂടുതലും സിന്ദൂരം, മൂവാണ്ടൻ, പഞ്ചവർണ്ണം, ബംഗനപ്പള്ളി എന്നിവയാണ് വിപണിയിലെ താരങ്ങൾ. വരും ദിവസങ്ങളിൽ മല്ലിക, നീലം, സേലം, റോമാനിയ, സപ്പോട്ട, മൽഗോവ,ഗുദാദത്ത്, കാലാപാടി, അൽഫോൻസ തുടങ്ങിയവയും എത്തും. ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ളത് കോട്ടൂർകോണത്തിനാണ്. ഇവ കൂടുതലും വീടുകളിൽ നിന്നും എത്തിക്കുന്നതാണ്. കനത്തചൂട് കാരണവും മഴക്കുറവുമൂലവും ഇത്തവണ താമസിച്ചാണ് വിപണി ആരംഭിച്ചത്. ഇത് മാമ്പഴങ്ങളുടെ വില കുറച്ചതായി കച്ചവടക്കാർ പറയുന്നു. തലസ്ഥാനത്ത് കൂടുതലായി മാമ്പഴങ്ങൾ എത്തുന്നത് മഥുരയിൽ നിന്നാണ്. തമിഴ്നാട്ടിലെ ഡിണ്ടിഗൽ, തേനി, അളങ്കനല്ലൂർ തുടങ്ങിയ ഇടങ്ങളിൽ നിന്നും ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നും മാമ്പഴങ്ങൾ എത്തുന്നുണ്ട്.

വില

സിന്ദൂരം, മൂവണ്ടൻ, ബംഗനപ്പള്ളി മാമ്പഴങ്ങൾക്ക് 100 രൂപ മുതലും കോട്ടൂർകോണം വരിക്കയ്ക്ക് 160 മുതലും വിലയുണ്ട്. വരും ദിവസങ്ങളിൽ മാമ്പഴങ്ങൾ കൂടുതൽ എത്തുന്നതോടെ 100 രൂപക്ക് 4 കിലോ വരെ ലഭ്യമാകും.

ശ്രദ്ധിക്കേണ്ടത്

കണ്ടാൽ ഫ്രഷായി തോന്നുന്ന മാമ്പഴങ്ങൾ നല്ലതാവണമെന്നില്ല. മാമ്പഴം പഴുപ്പിക്കാൻ കാത്സ്യം കാർബൈഡും എതിലിനും ഉപയോഗിക്കാറുണ്ട്. മായം ചേർക്കുന്ന മാമ്പഴങ്ങൾ ഒരു ദിവസം കൊണ്ട് പഴുക്കും.കാർബൈഡ് അമിത അളവിൽ ഉള്ളിൽ ചെന്നാൽ തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിക്കും. എതിലിൻ ഉപയോഗിച്ച മാമ്പഴം ഭക്ഷിച്ചാൽ അൾസർ, അർബുദം എന്നിവയ്ക്ക് സാദ്ധ്യത കൂടുതലാണ്.

കരുതലിനായി

മാമ്പഴം ചെറിയ ചൂടുവെള്ളത്തിൽ ഉപ്പിട്ട് കഴുകി ഉപയോഗിക്കുക.

പുറം തൊലി പൂർണമായി മാറ്റിയശേഷം ഉപയോഗിക്കുക.

മാമ്പഴത്തിന്റെ പുറത്ത് പൊടി രൂപത്തിൽ പറ്റിയിട്ടുണ്ടെങ്കിൽ ശ്രദ്ധിക്കണം.