
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് വിവാഹം. വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിച്ച രണ്ട് പേർ അല്ലെങ്കിൽ രണ്ട് കുടുംബങ്ങൾ ഒന്നാകുന്ന നിമിഷം. ജീവിതത്തിൽ എന്നും ഓർത്തുവയ്‌ക്കേണ്ട നിമിഷങ്ങൾ തങ്ങളാൽ കഴിയും വിധം ആഡംബരത്തോടെ നടത്താൻ ശ്രമിക്കുന്നവരാണ് മിക്കവരും.
സേവ് ദി ഡേറ്റ് ഉൾപ്പടെയുള്ള പുതിയ ട്രെൻഡുകൾ വന്നെങ്കിലും പരമ്പരാഗതമായി നടന്നിരുന്ന പല ചടങ്ങുകളും ഇന്നും വിവാഹങ്ങളിൽ തുടർന്നുപോരുന്നവരുണ്ട്. എന്നാൽ ഓരോ നാട്ടിലെയും ആചാരങ്ങൾ മറ്റുള്ളവയിൽ നിന്ന് വളരെ വ്യത്യസ്‌തമായിട്ടാണ് നടത്തുന്നത്.
കാലം ഇത്രയൊക്കെ മാറിയിട്ടും വധു ധരിക്കുന്ന ആഭരണങ്ങളിൽ പോലും പിന്തുടരുന്ന ചില ആചാരങ്ങളുണ്ടെന്നതാണ് വാസ്തവം. അത്തരത്തിൽ വധു ധരിക്കുന്ന വളകളിൽ ചില പ്രത്യേകതകളുണ്ട്. എന്നാൽ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തെത്തുമ്പോൾ വധുവിന്റെ വളയുടെ മോഡലിലും മറ്റും ചില വ്യത്യാസങ്ങൾ കാണാം.
ഗുജറാത്തും രാജസ്ഥാനും
ഗുജറാത്തിലും രാജസ്ഥാനിലും വധുവിന്റെ അമ്മ അവൾക്ക് ഒരു ജോഡി അനക്കൊമ്പ് കൊണ്ടുള്ള വളകൾ സമ്മാനിക്കുന്നു. ഇത് ധരിച്ചുകൊണ്ടുമാത്രമേ 'സപ്തപതി' ആചാരം പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ.

സൗത്ത് ഇന്ത്യ
പൊതുവെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്വർണ വളകളാണ് വധു ഉപയോഗിക്കുന്നത്. വിവാഹ സമയത്ത് സ്വർണമണിയുന്നത് ഏറ്റവും ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ ചിലയിടങ്ങളിൽ വധു സ്വർണത്തിനൊപ്പം പച്ച നിറത്തിലുള്ള കുപ്പിവളകളും ഇടാറുണ്ട്. പച്ച എന്നത് സമൃദ്ധിയെ സൂചിപ്പിക്കുന്നു.
പഞ്ചാബി വധു
പഞ്ചാബി വധു ധരിക്കുന്ന ചുവപ്പും വെള്ളയും നിറത്തിലുള്ള വളകൾ വളരെ ജനപ്രിയമാണ്. മോഡേൺ വസ്ത്രങ്ങളുടെ കൂടെപ്പോലും നവവധു ഇത്തരം വളകൾ ധരിക്കാറുണ്ട്. പൊതുവെ വീതി കുറഞ്ഞ ഇരുപത്തിയൊന്നോളം വളകളാണ് ഇടുന്നത്. വെള്ള വളകളിൽ കല്ലുകൾ പതിപ്പിച്ചിരിക്കുന്നതും കാണാം. വിവാഹ ദിവസം രാവിലെ തൊട്ടാണ് ഇവ ധരിക്കുന്നത്.
രാവിലെ പൂജയുണ്ടാകും. ഇതിനിടയിൽ വധുവിന്റെ അമ്മാവന്മാർ വളകൾ ശുദ്ധമായ പാലിൽ ഇടുന്നു. തുടർന്ന് വധുവിന് നൽകുന്നു. കുറഞ്ഞത് 40 ദിവസമെങ്കിലും ഈ വളകൾ ധരിക്കണമെന്നാണ് വിശ്വാസം. ചിലർ ഇത് ഒരു വർഷത്തോളം ധരിക്കുന്നു. ചില സമുദായക്കാർ 15 മാസമാണ് ഈ വളകൾ ധരിക്കുന്നത്. നവവധുവാണെന്ന് മറ്റുള്ളവർക്ക് തിരിച്ചറിയാനും ഇത് സഹായിക്കും. മാത്രമല്ല താൻ ആചാരങ്ങൾ പാലിച്ചുകൊണ്ട് ജീവിക്കുന്നയാളാണെന്ന് പറയാതെ പറയുകയാണ് നവവധു.

ഈ ചടങ്ങുമായി ബന്ധപ്പെട്ട മറ്റൊരു രസകരമായ ആചാരമാണ് 'കളിരെ'. അതായത് വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് വളയിൽ സ്വർണ നിറത്തിലോ വെള്ളി നിറത്തിലോ ഉള്ള വലിയ 'തൂക്ക്' കെട്ടുന്നു. പുതിയ ജീവിതം ആരംഭിക്കുന്ന വധുവിനെ അവർ അനുഗ്രഹിക്കുന്നതായിട്ടാണ് ഇത് കണക്കാക്കുന്നത്.
ബംഗാളും ഒഡീഷയും
ബംഗാളിയും ഒടിയ വധുവും 'ഷക്ക' എന്നറിയപ്പെടുന്ന ശംഖ് കൊണ്ടുള്ള വെളുത്ത വളകൾ ധരിക്കുന്നു. ഇതുകൂടാതെ 'പോള' എന്നറിയപ്പെടുന്ന ചുവന്ന വളകളും ധരിക്കുന്നു. മുൻകാലങ്ങളിൽ, സമ്പന്നരായ സ്ത്രീകൾ ആനപ്പല്ലുകൊണ്ട് നിർമ്മിച്ച വളകൾ ധരിച്ചിരുന്നു.
മഹാരാഷ്ട്ര
പച്ച കുപ്പിവളകൾക്കൊപ്പം കട്ടിയുള്ള സ്വർണവളകളും ഇടുന്നതാണ് മഹാരാഷ്ട്രയിലെ വധുവിന്റെ പ്രത്യേകത. കുപ്പിവള ഒറ്റ സംഖ്യയായിരിക്കും. കൊത്തുപണികളോട് കൂടിയതായിരിക്കും സ്വർണവളകൾ.

വളകളുടെ നിറങ്ങൾ സൂചിപ്പിക്കുന്നത്
ചുവപ്പ് : സമൃദ്ധിയെ സൂചിപ്പിക്കുന്നു.
പച്ച: ഭാഗ്യത്തെയും പ്രത്യുത്പാദനത്തെയും സൂചിപ്പിക്കുന്നു.
നീല: അറിവിനെ സൂചിപ്പിക്കുന്നു.
മഞ്ഞ: സന്തോഷത്തെയാണ് മഞ്ഞ വളകൾ സൂചിപ്പിക്കുന്നത്.
വെള്ള: ജീവിതത്തിന്റെ പുതിയ തുടക്കത്തെയാണ് വെള്ള വളകൾ സൂചിപ്പിക്കുന്നത്.
ഓറഞ്ച്: വിജയത്തെയും ഉയർച്ചയേയുമൊക്കെയാണ് ഓറഞ്ച് വളകൾ കൊണ്ട് അർത്ഥമാക്കുന്നത്.
വെള്ളി വളകൾ: ശക്തി അല്ലെങ്കിൽ കരുത്തിനെയാണ് വെള്ളി വളകൾ സൂചിപ്പിക്കുന്നത്.
സ്വർണ വളകൾ: ഭാഗ്യത്തേയും സമൃദ്ധിയേയും സൂചിപ്പിക്കുന്നു.