akash

കോട്ടയം: പൊലീസിനെക്കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. ഇന്ന് പുലർച്ചെ കോട്ടയം അതിരമ്പുഴയിലാണ് സംഭവം. നാൽപ്പാത്തിമല സ്വദേശി ആകാശ് സുരേന്ദ്രനാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ആകാശ് മദ്യപിച്ചുകൊണ്ടിരുന്നപ്പോളാണ് പൊലീസ് പട്രോളിംഗ് സംഘം സ്ഥലത്തെത്തിയത്. തുടർന്ന് ഭയന്ന് ഓടുന്നതിനിടെ കാൽ തെറ്റി കിണറ്റിൽ വീഴുകയായിരുന്നു.

എംജി യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിന് സമീപത്തുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ വച്ചാണ് ആകാശും സുഹൃത്തുക്കളും മദ്യപിച്ചത്. ഒരു മണിയോടെ ടോർച്ച് തെളിച്ച് പൊലീസ് സംഘം അവിടേക്ക് വരികയായിരുന്നു. ഇത് കണ്ടയുടനെ യുവാക്കൾ പേടിച്ച് ചിതറിയോടി. തുടർന്ന് ഉടൻതന്നെ പൊലീസ് അവിടെ നിന്ന് തിരിക്കുകയും ചെയ്‌തു.

എന്നാൽ, തട്ടുതട്ടായി തിരിച്ചിട്ടിരിക്കുന്ന ഭൂമിയിൽ, ഒരു തട്ടിൽ നിന്ന് താഴെത്തട്ടിലേക്ക് ചാടുന്നതിനിടെ ആകാശ് അവിടെയുണ്ടായിരുന്ന കിണറ്റിൽ വീഴുകയായിരുന്നു. ആകാശ് കിണറ്റിൽ വീണെന്ന് മനസിലായ സുഹൃത്തുക്കൾ ഉടൻതന്നെ ഫയർ ഫോഴ്‌സിൽ വിവരമറിയിച്ചു. എന്നാൽ, ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇവരാണ് പിന്നീട് പൊലീസിനെയും വിവരമറിയിച്ചത്.

കഴിഞ്ഞ വർഷം കാസർകോടും സമാനമായ സംഭവം നടന്നിരുന്നു. പൊലീസിനെ കണ്ട് ഭയന്നോടിയ തായന്നൂര്‍ കുഴിക്കോല്‍ സ്വദേശി വിഷ്ണു (24) ആണ് കിണറ്റിൽ വീണ് മരിച്ചത്. കാഞ്ഞങ്ങാട് അമ്പലത്തറ എണ്ണപ്പാറയില്‍ അര്‍ദ്ധരാത്രിയോടെ ആയിരുന്നു സംഭവം. 20 കോല്‍ താഴ്ചയുള്ള കിണറ്റിലേക്കാണ് വിഷ്ണു വീണത്. ഇതിൽ വെളളമുണ്ടായിരുന്നില്ല. ശബ്‌ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തെരച്ചിൽ നടത്തിയത്.

എണ്ണപ്പാറയിൽ ഒരു ക്ലബ് സംഘടിപ്പിച്ച ഫുട്‌ബോൾ മത്സരം നടക്കുന്നുണ്ടായിരുന്നു. ഇതിന് സമീപത്ത് കുലുക്കിക്കുത്ത് നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ പൊലീസ് ജീപ്പ് വരുന്നത് കണ്ട് കൂടി നിന്നവര്‍ ഭയന്ന് ചിതറിയോടുകയായിരുന്നു.കളിസ്ഥലത്തോട് ചേര്‍ന്നുള്ള കുമാരന്‍ എന്നയാളുടെ പറമ്പിലെ പൊട്ടകിണറ്റിലാണ് വിഷ്ണു വീണത്.