പത്തനംതിട്ട : മെഴുവേലി കാരിത്തോട്ടയിൽ മരണമടഞ്ഞ 93കാരിയുടെ പേരിൽ വ്യാജ വോട്ടു ചെയ്ത സംഭവത്തിൽ രണ്ട് പോളിംഗ് ഉദ്യോഗസ്ഥരെയും ബൂത്ത് ലെവൽ ഓഫീസറെയും വരണാധികാരി കൂടിയായ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ സസ്പെൻഡ് ചെയ്തു. ആറൻമുള അസംബ്ളി മണ്ഡലത്തിലെ കാരിത്തോട്ട 144ാം നമ്പർ ബൂത്തിലെ 874 ക്രമനമ്പരിലുള്ള വോട്ടർ അന്നമ്മ നാല് വർഷം മുൻപ് മരണപ്പെട്ടതാണ്. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തിരുന്നില്ല. ഇവരുടെ പേരിൽ ഹോം വോട്ടിംഗിന് അപേക്ഷ നൽകിയിരുന്നു. ബാലറ്റു പേപ്പറുമായി ബി.എൽ.ഒ കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോൾ മരുമകൾ 65 വയസുള്ള അന്നമ്മ മാത്യുവാണ് വോട്ട് ചെയ്തത്. ഈ കാര്യം ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി സെക്രട്ടറി സി.കെ.ജയ ജില്ലാ കളക്ടർക്ക് പരാതി നൽകി. ഇതേ ബൂത്തിലെ 876 ക്രമനമ്പരിലെ വോട്ടറാണ് അന്നമ്മ മാത്യു.
ഉപവരണാധികാരി നടത്തിയ അന്വേഷണത്തിൽ വ്യാജവോട്ടു ചെയ്തതായി കണ്ടെത്തി. ഇതേതുടർന്ന് സ്പെഷ്യൽ പോളിംഗ് ഓഫീസർമാരായ എസ്.ദീപ, കല തോമസ്, ബി.എൽ.ഒ പി.അമ്പിളി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വ്യാജ വോട്ട് ചെയ്ത മരുമകൾ അന്നമ്മ മാത്യുവിനെതിരെ ക്രിമിനിൽ കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് കളക്ടർ നിർദ്ദേശം നൽകി. ബി.എൽ.ഒയും വാർഡ് മെമ്പറും ചേർന്നുള്ള ഒത്തുകളിയുടെ ഭാഗമായാണ് വ്യാജ വോട്ട് ചെയ്തതെന്ന് എൽ.ഡി.എഫ് ആരോപിച്ചു.
എന്നാൽ ക്രമനമ്പർ മാറി പോയതാണെന്നും അബദ്ധത്തിൽ വോട്ടുചെയ്യുകയായിരുന്നുവെന്നുമാണ് അന്നമ്മ മാത്യുവിന്റെയും യു.ഡി.എഫിന്റെയും വിശദീകരണം.