vande-bharat-

കാസർകോട്: വന്ദേ ഭാരത് ട്രെയിൻ തട്ടി യുവതി മരിച്ചു. കാസർകോട് നീലേശ്വരം പള്ളിക്കരയിലാണ് അപകടമുണ്ടായത്. മംഗലാപുരം - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് യുവതിയെ ഇടിച്ചത്. ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു സംഭവം. 22 വയസ് പ്രായം തോന്നിക്കുന്ന യുവതിയെ തിരിച്ചിഞ്ഞിട്ടില്ല.

ഈ മാസം ആദ്യം അന്യസംസ്ഥാന തൊഴിലാളികളായ യുവാവും യുവതിയും വന്ദേ ഭാരത് ട്രെയിൻ തട്ടി മരിച്ചിരുന്നു. വെസ്റ്റ് ബംഗാൾ സ്വദേശികളായ പ്രദീപ് സർക്കാർ, ബിനോട്ടി റോയ് എന്നിവരാണ് മരിച്ചത്. കാസർകോട് - തിരുവനന്തപുരം വന്ദേ ഭാരത് തീവണ്ടി കടന്നുപോകവേ ആയിരുന്നു സംഭവം. പട്ടാമ്പിക്കും കാരക്കാടിനും ഇടയിൽ നമ്പ്രം ഭാഗത്ത് വച്ചാണ് ഇരുവരും അപകടത്തിൽപെട്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. തൃത്താലയിൽ താമസിക്കുന്ന ഇവർ ദമ്പതികളാണെന്നാണ് പ്രാഥമിക വിവരമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷവും സമാന സംഭവം ഉണ്ടായിട്ടുണ്ട്. വന്ദേ ഭാരത് ട്രെയിനിടിച്ച് കോഴിക്കോട് ഒരാൾ മരിച്ചിരുന്നു.

അതേസമയം, വന്ദേ ഭാരത് ട്രെയിനിന് നേരെ അടിക്കടി കല്ലേറുണ്ടാകുന്ന സാഹചര്യത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ട്രാക്കിൽ കയറുന്ന കന്നുകാലികളെ രക്ഷിച്ച് ദൂരത്തേക്ക് മാറ്റാനായി മുൻ ഭാഗത്തെ കോച്ചിൽ സംവിധാനവും ഏർപ്പെടുത്തും.