c

മൃദുഭാവേ,​ ദൃ‍ഢകൃത്യേ എന്നാണ് സംസ്ഥാന പൊലീസിന്റെ ആപ്തവാക്യം. പൊലീസ് സേനയുടെ ഔദ്യോഗിക മുദ്ര‌യിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ പ്രവർത്തനമന്ത്രം 'ചൊല്ലിക്കൊണ്ടാണ്" പൊലീസിന്റെ ഔദ്യോഗിക വെബ് സൈറ്റിലെ വിശേഷണാരംഭവും! മലയാളത്തിന്റെ മേളപ്പെരുക്കം വിദേശങ്ങളിൽ കൊട്ടിക്കയറ്റിയ തൃശൂർ പൂരം കലക്കിയ പൊലീസ്,​ പൂരനഗരിയിൽ കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ വാർത്താ മാദ്ധ്യമങ്ങളിൽ വായിച്ചറിഞ്ഞവർക്ക് ആ ആപ്തവാക്യം മാറ്റേണ്ടതാണെന്നു തോന്നിപ്പോയാലും കുറ്റംപറയാനാവില്ല. കർത്തവ്യത്തിൽ കാർക്കശ്യം പുലർത്തുമ്പോഴും,​ പെരുമാറ്റത്തിൽ സൗമ്യഭാവം സൂക്ഷിക്കണമെന്നാണല്ലോ സേനയുടെ ആപ്തവാക്യം പറയുന്നതും പഠിപ്പിക്കുന്നതും.

പൂരപ്രേമികൾക്കു മുന്നിൽ വഴിയടച്ചും,​ മേൽശാന്തിയെ വരെ തടഞ്ഞുവച്ചും,​ പുലർച്ചെ നടക്കേണ്ട വെടിക്കെട്ടിന് അനുമതി തടഞ്ഞും,​ എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആനയ്ക്ക് തീറ്റയുമായി വന്ന ജീവനക്കാരനെ 'എടുത്തോണ്ടു പോടാ,​ പട്ട" എന്ന് ആക്രോശിച്ച് ആട്ടിപ്പായിച്ചും കൂച്ചുവിലങ്ങില്ലാതെ മദിച്ചുനടന്ന പൊലീസിന്റെ അഹങ്കാരമേളം പൂരംചരിത്രത്തിൽ മാത്രമല്ല,​ പൊലീസിന്റെ ചരിത്രത്തിലും നാണക്കേടായിത്തന്നെ നിൽക്കും. ക്ഷേത്രോത്സവം നടക്കുന്നിടങ്ങളിൽ അനിയന്ത്രിതമായ ജലത്തിരക്ക് സ്വാഭാവികം. തൃശൂർ പൂരമാകട്ടെ,​ അത്തരം തിരക്കിന്റെ മഹാസമുദ്രമാണു താനും. സുരക്ഷയ്ക്ക് ചുമതലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ പലപ്പോഴും കടുത്ത നിലപാട് സ്വീകരിക്കുന്നതൊക്കെ ജനങ്ങൾക്ക് മനസിലാകും. പക്ഷേ,​ കഴിഞ്ഞ ദിവസം പൂരനഗരിയിലുണ്ടായ പൊലീസ് നടപടികളെ അഴിഞ്ഞാട്ടം എന്നല്ലാതെ വിളിക്കാനാകില്ല.

സുരക്ഷാപ്രശ്നങ്ങളോ അപകടസാദ്ധ്യതയോ സംശയിക്കാവുന്ന ഒരു സാഹചര്യവും അവിടെയുണ്ടായിരുന്നില്ല. വടക്കുന്നാഥന്റെ വിളക്കുമാടത്തിൽ എണ്ണയൊഴിക്കാൻ വന്നയാളെ തടഞ്ഞതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ,​ 'പൂരം കഴിഞ്ഞ് വിളക്കുവയ്ക്കാം" എന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായിപ്പോലും പരാതിയുണ്ട്. ലക്ഷക്കണക്കിന് ഭക്തരും പൂരപ്രേമികളും ഒരേമനസോടെ ഒരുമിച്ചുനില്ക്കുന്നതിനിടെയാണ് ഈ ധിക്കാരസ്വരമെന്നോർക്കണം. പൊലീസിന്റെ അവസരോചിതമല്ലാത്ത പെരുമാറ്റവും ന്യായീകരണമില്ലാത്ത നടപടികളും അവിടെ മറ്റു പ്രശ്നങ്ങൾക്കൊന്നും ഇടയാക്കിയില്ലെന്നതാണ് ആശ്വാസം! പൊലീസ് നടപടിയിൽ പൂരം അലങ്കോലമായതിന്റെ പേരിൽ കമ്മിഷണർ അങ്കിത് അശോകൻ,​ അസി. കമ്മിഷണർ കെ. സുദർശൻ എന്നിവരെ എത്രയും വേഗം സ്ഥലംമാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി നല്ലതുതന്നെ. പക്ഷേ,​ പൂരക്കാലത്തെ ഹാലിളക്കത്തിന് നേരത്തേ തന്നെ പേരുദോഷമുള്ളയാളാണ് കമ്മിഷണർ. അക്കാര്യം ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. എന്നിട്ടും,​ അതേ ഉദ്യോഗസ്ഥനെത്തന്നെ പൂരച്ചുമതല ഏല്പിച്ച ആസൂത്രണവൈഭവം വിചിത്രം തന്നെ!

തിരഞ്ഞെടുപ്പു കാലത്തെ ഇത്തരം അനിഷ്ടസംഭവങ്ങൾ രാഷ്ട്രീയമായി മുതലെടുക്കപ്പെടാൻ ഇടയുള്ളത് മുൻകൂട്ടിക്കണ്ട് സംസ്ഥാന സർക്കാരും കുറേക്കൂടി ജാഗ്രത പുലർത്തേണ്ടിയിരുന്നു. തൃശൂർ പൂരം നടത്തിപ്പിന് സ്ഥിരം സംവിധാനം വേണമെന്ന് തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിൽ ജനലക്ഷങ്ങളെത്തുന്ന മകരവിളക്ക് സീസണിലും മറ്റും തിരക്ക് നിയന്ത്രിക്കാൻ പെലീസിനെ നിയോഗിക്കുമ്പോൾ മാതൃകാപരമായ പല കാര്യങ്ങളും ആഭ്യന്തര വകുപ്പ് ശ്രദ്ധിക്കാറുണ്ട്. ഈശ്വരഭക്തിയുള്ളവരും പെരുമാറ്റമര്യാദകൾ പാലിക്കുന്നവരുമായ പൊലീസുകാർക്കാണ് അവിടെ മുൻഗണന. ഈശ്വരസന്നിധിയിലെ കർത്തവ്യനിർവഹണം തന്നെ പ്രാർത്ഥനയായി കരുതുന്ന പൊലീസുകാരുണ്ട്. ആ മാതൃക തൃശൂർ പൂരം നടത്തിപ്പിന്റെ കാര്യത്തിലും സ്വീകരിക്കണം. ഉണ്ടായ നാണക്കേടിന് പരിഹാരമില്ല. ഇത്തരം അനിഷ്ടങ്ങൾ ആവർത്തിക്കാതെ സൂക്ഷിക്കാനുള്ള വിവേകമെങ്കിലും ഉണ്ടാകണം.