തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ യുവാക്കൾക്കുള്ള തൊഴിലില്ലായ്‌മ വേതന വിതരണത്തിൽ ക്രമക്കേട് നടത്തിയ അക്കൗണ്ട്സ് വിഭാഗത്തിലെയും ഹെൽത്ത് വിഭാഗത്തിലെയും രണ്ട് ഉദ്യോഗസ്ഥർക്ക് ഇന്നലെ തിരുവനന്തപുരം വിജിലൻസ് കോടതി 12 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.
2005-2006 സാമ്പത്തിക വർഷത്തിൽ ക്രമക്കേട് നടത്തി 15.45 ലക്ഷം രൂപ വെട്ടിച്ചതായി തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 1 രജിസ്റ്റർ ചെയ്‌ത കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ അക്കൗണ്ട്സ് വിഭാഗം ക്ലാർക്ക് പി.എൽ.ജീവനെയും ഹെൽത്ത് വിഭാഗം ക്ലാർക്ക് സദാശിവൻ നായരെയുമാണ് വിവിധ വകുപ്പുകളിലായി 12 വർഷം കഠിനതടവിന് ശിക്ഷിച്ചത്. ഒന്നാം പ്രതിയായ ജീവൻ 6.35 ലക്ഷം രൂപയും രണ്ടാം പ്രതിയായ സദാശിവൻ നായർ 6.45 ലക്ഷയും രൂപ പിഴ ഒടുക്കുന്നതിനും കോടതി നിർദ്ദേശിച്ചു.
രണ്ട് പ്രതികളെയും ജയിലിലടച്ചു. തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 1 ലെ ഡിവൈ.എസ്.പിയായിരുന്ന കെ.എസ്.വിമൽ രജിസ്റ്റർ ചെയ്‌ത കേസ് ഇൻസ്‌പെക്ടർമാരായിരുന്ന സജി,എം.അനിൽ കുമാർ,പി.വി.രമേശ് കുമാർ,എസ്.സജാദ്,ജി.ബിനു എന്നിവർ അന്വേഷണം നടത്തി ഡിവൈ.എസ്.പിയായിരുന്ന അജിത് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണാസതീശൻ ഹാജരായി.