gold

കൊച്ചി: സ്വര്‍ണവില ദിവസേന വര്‍ദ്ധിക്കുകയാണ്. ഏപ്രില്‍ മാസത്തില്‍ മാത്രം 5600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ദ്ധിച്ച നിരക്ക്. ഒരു ഗ്രാം സ്വര്‍ണത്തിന് 6755 രൂപയും പവന് 54,040 രൂപയുമാണ് നിരക്ക്. വില വര്‍ദ്ധനവ് ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ സാധാരണക്കാരന് സ്വര്‍ണം ഒരു സ്വപ്‌നമായി അവശേഷിക്കും.

അതേസമയം, വിലവര്‍ദ്ധന് കുതിക്കുമ്പോഴും സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരവും നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്. ദിവസേന സ്വര്‍ണത്തിന് വിലകൂടുന്നതില്‍ ആശങ്ക കാരണം ആളുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. വിവാഹ സീസണ്‍ കൂടി അടുത്തതോടെ മാസങ്ങള്‍ക്ക് മുമ്പേ തന്നെ ആളുകള്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നുണ്ട്.

ഭാവിയിലും വില വര്‍ദ്ധിക്കുമെന്നും അതുകൊണ്ട് ഇപ്പോള്‍ വാങ്ങുന്നത് ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിലും സ്വര്‍ണം വാങ്ങുകയാണ് ആളുകള്‍. പവന് വില 54,040 ആണ്. ഇതിനോടൊപ്പം ജിഎസ്ടി, പണിക്കൂലി എന്നിവ കൂടി നല്‍കുമ്പോള്‍ ശരാശരി 60,000ന് മുകളിലാണ് ഒരു പവന്‍ വാങ്ങുമ്പോള്‍ നല്‍കേണ്ടി വരുന്നത്.

പണിക്കൂലിയായി വരുന്ന വലിയ തുക ഒഴിവാക്കാനുള്ള എളുപ്പ വഴി പലരും ഉപയോഗിക്കുന്നില്ലെന്നാണ് ജുവലറി ഉടമകളും ജീവനക്കാരും പറയുന്നത്. ജുവലറികളിലെല്ലാം ഇപ്പോള്‍ സ്വര്‍ണ ചിട്ടി സംവിധാനം ലഭ്യമാണ്. മാസം തോറം നിശ്ചിത തുക മുതല്‍ നിക്ഷേപിച്ച് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വര്‍ണം വാങ്ങാന്‍ കഴിയും.

സ്വര്‍ണ ചിട്ടിയില്‍ വിവധ ജുവലറികളില്‍ നിരവധി സ്‌കീമുകള്‍ ലഭ്യമാണ്. ഇതില്‍ 1 ശതമാനം മുതല്‍ 15 ശതമാനം വരെ പണിക്കൂലി നല്‍കേണ്ടി വരുന്ന ആഭരണങ്ങള്‍ സ്വര്‍ണ ചിട്ടിയുടെ ഭാഗമായി വാങ്ങിയാല്‍ ഒരു രൂപ പോലും പണിക്കൂലിയായി നല്‍കേണ്ടി വരില്ല. എന്നാല്‍ ചിട്ടിയില്‍ ചേരുന്ന സമയത്ത് പണിക്കൂലി സംബന്ധിച്ച കാര്യങ്ങള്‍ കൂടി അന്വേഷിച്ചാല്‍ വലിയ തുക നമുക്ക് ലാഭിക്കാന്‍ കഴിയും.

ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷം കൂടി തുടരുന്ന പശ്ചാത്തലത്തില്‍ സ്വര്‍ണ വില വരും ദിവസങ്ങളിലും ഉയരുമെന്ന് തന്നെയാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. സമീപ ഭാവിയില്‍ തന്നെ സ്വര്‍ണ വില പവന് ഒരു ലക്ഷത്തിന് മുകളില്‍ എത്തുമെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സിഎന്‍ബിസി ആവാസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2030 ആകുമ്പോഴേക്കും സ്വര്‍ണ വില പത്ത് ഗ്രാമിന് 1,68,000 രൂപയായി ഉയരുമെന്ന് വിഘ്നഹര്‍ത്ത ഗോള്‍ഡിന്റെ മഹേന്ദ്ര ലൂനിയ പറഞ്ഞു.

വജ്രങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ സ്വര്‍ണത്തിലേക്ക് മാറുകയാണെന്നും ഡോളറിന്റെ മൂല്യം കുറയുന്നുണ്ടെന്നും ഇതുമൂലം സ്വര്‍ണവില അതിവേഗം ഉയരുകയാണെന്നും അദ്ദേഹം പറയുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ 2030ഓടെ സാധാരണക്കാര്‍ക്ക് സ്വര്‍ണം വാങ്ങുന്നത് എളുപ്പമാകില്ലെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.