പാലക്കാട്: അട്ടപ്പാടി നക്കുപ്പതി ഊരിന് സമീപം വനമേഖലയിലെ കാട്ടുതീ കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നു. കഴിഞ്ഞദിവസം അട്ടപ്പാടി മലനിരകളിലുണ്ടായ കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ വനംവകുപ്പിനും ഫയർഫോഴ്സിനും കഴിഞ്ഞിരുന്നില്ല.
മുളംകാടുകൾ കത്തി ഹെക്ടർ കണക്കിന് വനമാണ് നശിക്കുന്നത്. രാത്രി വൈകിയും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നാട്ടുകാരുടെ സഹായത്തോടെ നടക്കുന്നുണ്ട്. വിവരം അറിഞ്ഞയുടൻ വനംവകുപ്പും ഫയർഫോഴ്സ് സംഘവും മലയടിവാരത്തെത്തിയെങ്കിലും തീ അതിവേഗം പടർന്നതും ചെങ്കുത്തായ മേഖലയിലേക്ക് വാഹനം കടന്നുപോകാൻ സാധിക്കാത്തതും തിരിച്ചടിയായിരുന്നു. ഇതോടെ വനത്തിലെ വൻമരങ്ങൾ ഉൾപ്പെടെ കത്തിച്ചാരമായി. വനം വാച്ചർമാരുടെയും നാട്ടുകാരുടെയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് റോഡരികിലെ തീ അണച്ചത്. കാട്ടുതീ കൂടുതൽ പടർന്നാൽ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാരും വനംവകുപ്പും.