
ബംഗളൂരു: കർണാടക മുൻ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ ബിജെപിയിൽ നിന്നും പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടതിന് ആറ് വർഷത്തേക്കാണ് പുറത്താക്കിയത്. ശിവമൊഗ്ഗയിൽ മുൻമുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടെ മകനും സീറ്റിംഗ് എംപിയുമായ രാഘവേന്ദ്രയ്ക്കെതിരെ മത്സരിക്കാൻ ഈശ്വരപ്പ നാമനിർദ്ദേശപത്രിക സമർപ്പിച്ചിരുന്നു. മകനായ കെ ഇ കാന്തേഷിന് മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം മത്സരിക്കാൻ തീരുമാനിച്ചത്.
കർണാടകയിലെ 28 സീറ്റുകളിലേക്കുളള തിരഞ്ഞെടുപ്പ് ഈ മാസം 26നും അടുത്ത മാസം ഏഴിനുമാണ് നടക്കുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പ് ഉഡുപ്പി ചിക്കമംഗളൂരു, ഹാസൻ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുംകൂർ, മാണ്ഡ്യ, മൈസൂർ, ചാമരാജനഗർ, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ നോർത്ത്, ബാംഗ്ലൂർ സെൻട്രൽ, ബാംഗ്ലൂർ സൗത്ത്, ചിക്കബെല്ലാപൂർ, കോലാർ എന്നിവിടങ്ങളിലായാണ് നടക്കുന്നത്. രണ്ടാംഘട്ടം ചിക്കോടി, ബെൽഗാം, ബാഗൽകോട്ട്, ബീജാപൂർ, ഗുൽബർഗ, റായ്ച്ചൂർ, ബിദാർ, കൊപ്പൽ, ബെല്ലാരി, ഹവേരി, ധാർവാഡ്, ഉത്തര കന്നഡ, ദാവൻഗരെ, ഷിമോഗ എന്നിവിടങ്ങളിലാണ് നടക്കുന്നത്.