crime

തിരുവനന്തപുരം: മകള്‍ക്കൊപ്പം താമസിക്കാന്‍ വന്ന ശേഷം സ്വന്തം പേരക്കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 20 വര്‍ഷത്തെ കഠിന തടവിനാണ് 72കാരനെ ശിക്ഷിച്ചത്. ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. പ്രതിക്ക് നാല് വര്‍ഷം ശിക്ഷയും വിധിച്ചു.

2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം. മകളെ കാണാന്‍ എത്തി കൂടെ താമസിച്ചു വന്ന ദിവസമാണ് പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയത്. പെണ്‍കുട്ടി ഭയന്ന് സംഭവം ആരോടും പറയാതെ മറച്ചുവച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മ കുട്ടിയെ കൗണ്‍സിലിംഗിന് ഹാജരാക്കി.

ഇതിനേത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. അറസ്റ്റിലായ പ്രതി വിചാരണ തടവുകാരനായി ജയിലില്‍ തുടരവെയാണ് കോടതി സാക്ഷി വിസ്താരം നടത്തി വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചത്.

ബലാത്സംഗ കുറ്റം, പോക്‌സോ നിയമപ്രകാരമുള്ള ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങള്‍ പ്രതിക്കെതിരെ തെളിയിക്കപ്പെട്ടു. പിഴ തുക കെട്ടിവെക്കുന്ന സാഹചര്യത്തില്‍ മൂന്നര ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും ഉത്തരവുണ്ട്. പിഴ തുക കെട്ടിവയ്ച്ചില്ലെങ്കില്‍ പ്രതി എട്ട് മാസം കഠിനതടവ് അധികമായി അനുഭവിക്കണം.