vizhinjam

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിര്‍ണായക ഘട്ടം അടുത്ത മാസം അവസാനത്തോടെ നടക്കും. വലിയ ബാര്‍ജില്‍ കണ്ടെയ്നറുകള്‍ എത്തിച്ച് ചരക്കുകളുടെ കയറ്റിയിറക്കല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ട്രയല്‍ റണ്‍ മേയ് അവസാനത്തോടെ നടത്തും. ചൈനയില്‍ നിന്ന് തിങ്കളാഴ്ച വരെ വിവിധ ഘട്ടങ്ങളിലായി വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച യാര്‍ഡ്, ഷിപ് ടു ഷോര്‍ എന്നീ ക്രെയിനുകളുപയോഗിച്ചാണ് രണ്ട് കണ്ടെയ്നര്‍ ഷിപ്പുകളില്‍ നിന്ന് ചരക്കുകള്‍ കരയിലേക്കും തിരികെ കപ്പലിലേക്കും കയറ്റുന്ന പ്രവര്‍ത്തനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്താനിരിക്കുന്നത്.

ഇതിനുളള എല്ലാ സാങ്കേതിക വിദഗ്ദ്ധരും അനുബന്ധ സംവിധാനങ്ങളും തുറമുഖത്ത് സജ്ജമായിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 24 യാര്‍ഡ് ക്രെയിനുകളും എട്ട് ഷിപ് ടു ഷോര്‍ ക്രെയിനുകളും ഉള്‍പ്പെട്ട 32- ക്രെയിനുകളാണ് തുറമുഖത്ത് ആവശ്യമായിട്ടുളളത്. ഇവ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ചൈനയില്‍ നിന്ന് ഷെന്‍ ഹുവ കപ്പലുകളിലാണ് തുറമുഖത്ത് എത്തിച്ചിരുന്നത്.

ഇതോടൊപ്പം ചൈനയില്‍ നിന്നും വീണ്ടും ക്രെയിനുകളുമായി എത്തിയ ഷെന്‍ ഹുവാ- 35 എന്ന കപ്പല്‍ നാല് യാര്‍ഡ് ക്രെയിനുകളും രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനുകളുമായി പുറം കടലില്‍ എത്തിയിരുന്നു. തുടര്‍ന്ന് എല്ലാ അനുമതികളും ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വൈകുന്നേരം സാങ്കേതിക സംഘത്തിന്റെ സഹായത്തോടെ തുറമുഖത്തെ ബെര്‍ത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. നാല് യാര്‍ഡും രണ്ട് ഷിപ്പ് ടുഷോര്‍ ക്രെയിനുകളും കൂടിയാണ് ആവശ്യമുള്ളത്. ഇത് മേയ് മാസം പകുതിയോടെ തന്നെ വിഴിഞ്ഞത്ത് എത്തിക്കും.