
തൊടുപുഴ: തിരഞ്ഞെടുുപ്പും റംസാനും വേനൽച്ചൂടും കാരണം അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് പോകുന്നതിനെ തുടർന്നുള്ള തൊഴിലാളി പ്രതിസന്ധി മുതലെടുത്ത് ലേബർ കോൺട്രാക്ടർമാർ. തൊഴിലാളികളുടെ കൂലി അമ്പത് ശതമാനം വരെ ഉയർത്തിയിരിക്കുകയാണ് ലേബർ കോൺട്രാക്ടർമാർ ഇപ്പോൾ ചെയ്യുന്നത്. തൊഴിലാളി ക്ഷാമത്തെ തുടർന്ന് പൈനാപ്പിൾ തോട്ടത്തിലേക്ക് തൊഴിലാളികളെ വിട്ടുകിട്ടാൻ 30 ശതമാനം വരെ കൂടുതൽ തുക ആവശ്യപ്പെടുന്നതായി കർഷകർ പരാതിപ്പെടുന്നു.
തേയില- ഏലം തോട്ടങ്ങൾ, പൈനാപ്പിൾ കൃഷി, ചെറുകിട കമ്പനികൾ, കെട്ടിട നിർമ്മാണ മേഖല, ഹോട്ടൽ, റസ്റ്റോന്റുകൾ എന്നിവിടങ്ങളിൽ ആവശ്യത്തിന് ആളെ കിട്ടാത്ത അവസ്ഥയുണ്ട്. അസം, ബംഗാൾ, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പോകുന്നതിലധികവും. വോട്ട് ചെയ്യാനെത്തണമെന്ന് മുന്നണികൾ കർശന നിർദ്ദേശം നൽകിയതിനെ തുടർന്നാണ് ഇവർ നാട്ടിലേയ്ക്ക് പോകുന്നത്. വോട്ട് ചെയ്യാനെത്തിയില്ലെങ്കിൽ റേഷൻ കാർഡിൽ നിന്ന് പേരൊഴിവാക്കുമെന്ന് ഭീഷണിയുണ്ട്. ചില മുന്നണികൾ ട്രെയിൻ ടിക്കറ്റടക്കമെടുത്ത് നൽകുന്നുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളിൽ എല്ലാം തന്നെ ബൾക്ക് ടിക്കറ്റ് ബുക്കിംഗും വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിയിട്ടുണ്ട്.
ഇവരുടെ പോക്ക് കൂടുതൽ ബാധിക്കുന്നത് പൈനാപ്പിൾ കർഷകരെയാണ്. പതിനായിരത്തിലധികം അന്യ സംസ്ഥാന തൊഴിലാളികളാണ് ജില്ലയിൽ പൈനാപ്പിൾ കൃഷി രംഗത്ത് ജോലി ചെയ്യുന്നത്. തോട്ടംമേഖലയിലും പതിനായിരത്തിലേറെ പേർ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അയ്യായിരത്തിലേറെ പേർ മടങ്ങി പോയിട്ടുണ്ട്.