safron

കുങ്കുമപ്പൂവ് കഴിച്ചാല്‍ മുഖം വെളുക്കും, കാലങ്ങള്‍ക്ക് മുമ്പ് മനസ്സില്‍ പതിഞ്ഞ ഒരു വിശ്വാസമാണ് നിരവധിപേര്‍ക്ക് അത്. എന്നാല്‍ ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? വില വളരെ കൂടുതലാണെങ്കിലും വെളുക്കുമെന്ന വിശ്വാസത്തില്‍ ആളുകള്‍ ഇത് വാങ്ങി ഉപയോഗിക്കാറുണ്ട്. ജനിക്കാനിരിക്കുന്ന കുട്ടിക്ക് നിറവും സൗന്ദര്യവും വര്‍ദ്ധിക്കാന്‍ ഗര്‍ഭിണികളും ഇത് കഴിക്കാറുണ്ട്. എന്നാല്‍ കുങ്കുമപ്പൂവ് ഉപയോഗിച്ച് നിറം വര്‍ദ്ധിപ്പിച്ച ഒരാളെയും ആരും കണ്ടിട്ടുണ്ടാകില്ലെന്നതാണ് സത്യാവസ്ഥ.

ഭക്ഷണത്തില്‍ നിറം ലഭിക്കാനായി ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ് യഥാര്‍ത്ഥത്തില്‍ കുങ്കുമപ്പൂവ്. ചര്‍മ്മത്തിലെ നിറവ്യത്യാസം മാറ്റാനും ജലാംശം നിലനിര്‍ത്താനും കുങ്കുമപ്പൂവ് സഹായിക്കുമെങ്കിലും വെളുക്കാന്‍ ഇത് ഫലപ്രദമാണെന്ന് ശാസ്ത്രീയമായി ഒരിടത്തും തെളിയിച്ചിട്ടില്ല. മുഖക്കുരു, കറുത്തപാടുകള്‍ തുടങ്ങിയവ അകറ്റാന്‍ സഹായിക്കുമെന്നത് വാസ്തവമാണെങ്കിലും വെളുക്കാന്‍ സഹായിക്കില്ലെന്നതാണ് സത്യം.

ഒരു മനുഷ്യന്റെ നിറം നിശ്ചയിക്കുന്നത് മെലാനിന്‍, ജനിതകമായ ഘടകങ്ങള്‍, പ്രായം, സൂര്യപ്രകാശം, ആരോഗ്യം എന്നിവയാണ് എന്നതാണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളത്. കുങ്കുമപ്പൂവില്‍ ക്രോലിന്‍, സഫ്രനാല്‍, പിക്രോസിന്‍ തുടങ്ങിയ ബയോ ആക്ടീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിഷാദരോഗം തടയാനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും പഠനശേഷി വര്‍ദ്ധിപ്പിക്കാനും മെച്ചപ്പെടുത്താനും ഈ സംയുക്തങ്ങള്‍ സഹായിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനം, കാഴ്ചശക്തി വര്‍ദ്ധിപ്പിക്കല്‍ എന്നിവയ്ക്കും കുങ്കുമപ്പൂവ് നല്ലതാണ്.