ipl

ജയ്പൂര്‍: ഐപിഎല്‍ സീസണില്‍ പ്ലേ ഓഫിലേക്ക് ഒരു ജയം മാത്രം അകലെ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. മുംബയ് ഇന്ത്യന്‍സ് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം യശ്വസി ജയ്‌സ്‌വാള്‍ പുറത്താകാതെ 104(60) നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ അനായാസം മറികടക്കുകയായിരുന്നു പിങ്ക് ടീം. പന്തുകള്‍ ബാക്കി നില്‍ക്കെ ഒമ്പത് വിക്കറ്റുകളുടെ ആധികാരിക ജയം കുറിച്ച രാജസ്ഥാന്‍ സീസണ്‍ പകുതി പിന്നിട്ടപ്പോള്‍ തന്നെ പ്ലേഓഫിന് ഒരു ജയം മാത്രം അകലെയാണ്. ജോസ് ബട്‌ലര്‍ 35(25), സഞ്ജു സാംസണ്‍ 38(28)​ എന്നിവര്‍ ജയ്‌സ്‌വാളിന് മികച്ച പിന്തുണ നല്‍കി.

സ്‌കോര്‍ മുംബയ് ഇന്ത്യന്‍സ് 179-9 (20), രാജസ്ഥാന്‍ റോയല്‍സ് 183-1 (18.4)

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബയ് ഇന്ത്യന്‍സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 3.1 ഓവര്‍ പിന്നിട്ടപ്പോള്‍ ടീം സ്‌കോര്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായിരുന്നു മുന്‍ ചാമ്പ്യന്‍മാര്‍. രോഹിത് ശര്‍മ്മ 6(5), ഇഷാന്‍ കിഷന്‍ 0(3), സൂര്യകുമാര്‍ യാദവ് 10(8) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. അഞ്ചാമനായി എത്തിയ അഫ്ഗാന്‍ താരം മുഹമ്മദ് നബി 23(17) മടങ്ങുമ്പോള്‍ സ്‌കോര്‍ 7.3 ഓവറില്‍ 52ന് നാല്.

പിന്നീട് തിലക് വര്‍മ്മ 65(45), നെഹാല്‍ വധേര 49(24) എന്നിവര്‍ അഞ്ചാം വിക്കറ്റില്‍ നേടിയ 99 റണ്‍സ് കൂട്ടുകെട്ട് മുംബയ് ഇന്ത്യന്‍സിനെ 16 ഓവറില്‍ 151-4 എന്ന നിലയിലേക്ക് എത്തിച്ചു. പിന്നീട് അവസാന ഓവറില്‍ വീണ്ടും വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച അവര്‍ക്ക് 24 പന്തുകളില്‍ അഞ്ച് വിക്കറ്റുകള്‍ കൂടി നഷ്ടമായപ്പോള്‍ വെറും 28 റണ്‍സാണ് ടീം സ്‌കോറില്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്. നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവെച്ച സന്ദീപ് ശര്‍മ്മയാണ് 200കടക്കുമെന്ന് തോന്നിച്ച സ്‌കോര്‍ 179ല്‍ പിടിച്ചുനിര്‍ത്തിയത്. ഹാര്‍ദിക് പാണ്ഡ്യ 10(10) ഉള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തി.