crime

പാലക്കാട്: ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ രേഖകളില്ലാത്ത നാല്‍പ്പത് ലക്ഷം രൂപയുമായി രണ്ടുപേര്‍ പാലക്കാട് പിടിയില്‍. മഹാരാഷ്ട്ര സ്വദേശികളായ വിശാല്‍ വിലാസ്‌കര്‍(30), ചവാന്‍ സച്ചിന്‍ ജെയ്‌സിംഗ് എന്നിവരാണ് പൊലീസ് പിടിയിലായത്. കസബ പൊലീസും വാളയാര്‍ പൊലീസും ചേര്‍ന്നും വാളയാറില്‍ വെച്ചും കൂട്ടുപാതയില്‍ വെച്ചുമാണ് പണവുമായി കോയമ്പത്തൂരില്‍ നിന്ന് പട്ടാമ്പിയിലേക്ക് ബസില്‍ സഞ്ചരിക്കവെയാണ് പ്രതികളെ പിടികൂടിയത്. ബനിയന്റെ അടിയില്‍ രഹസ്യ അറയുള്ള മറ്റൊരു വസ്ത്രത്തിലാണ് ഇവര്‍ പണം ഒളിപ്പിച്ചിരുന്നത്.

ലഹരി സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെയും പിടികൂടിയത്. വിശാല്‍ ആദ്യം കസ്റ്റഡിയിലാകുന്നത് വാളയാറില്‍ നടത്തിയ പരിശോധനയിലാണ്. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചന്ദ്രനഗറില്‍ നിന്നും ചവാന്‍ സച്ചിനെയും പിടികൂടുന്നത്. ഇരുവരും കോയമ്പത്തൂരില്‍ നിന്നും പട്ടാമ്പിയിലേക്കാണ് പോയിരുന്നത്. ഇരുവരും മുമ്പും പണം കടത്തിയിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നത്.

ജില്ലാ പൊലീസ് മേധാവി ആര്‍.ആനന്ദ്, എ.എസ്.പി അശ്വതി ജിജി, പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ആര്‍.അബ്ദുള്‍ മുനീര്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം വാളയാര്‍ സബ്ബ് ഇന്‍സ്പെക്ടര്‍ റെമിന്‍, കസബ സബ്ബ് ഇന്‍സ്പെക്ടര്‍ എച്ച്.ഹര്‍ഷാദ്, ഹേമംബിക നഗര്‍ സബ്ബ് ഇന്‍സ്പെക്ടര്‍ വിജയരാഘവന്‍, സിവില്‍ പൊലീസ് ഓഫീസര്‍ രാഹുല്‍, പാലക്കാട് ട്രാഫിക് എസ്.ഐ.സുരേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ എളങ്കോവന്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ സബ്ബ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍, മുഹമ്മദ് ഷനോസ്, ഫെഫീഖ്, ഷെമീര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.