vote

പത്തനംതിട്ട: ആറുവര്‍ഷം മുന്‍പ് മരിച്ച 94 കാരി അന്നമ്മയുടെ പേരിൽ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍. മെഴുവേലിയിലെ ബി എല്‍ ഒ അമ്പിളിയെയാണ് ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അമ്പിളിയെ ജാമ്യത്തില്‍ വിട്ടു. ഇന്നലെ ബി എല്‍ ഒ യേയും കോണ്‍ഗ്രസ് പഞ്ചായത്തംഗം ശുഭാനന്ദനേയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ശുഭാനന്ദനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് നൽകുന്ന വിവരം.

874 ആയിരുന്നു അന്നമ്മയുടെ വോട്ടര്‍ പട്ടികയിലെ ക്രമനമ്പര്‍. ഇത് നീക്കം ചെയ്യാതെ 876 ആം ക്രമനമ്പര്‍ ഉള്ള അന്നമ്മയുടെ മകന്റെ ഭാര്യ 65കാരി അന്നമ്മയെ കൊണ്ടാണ് മരിച്ചയാള്‍ക്ക് വേണ്ടി വോട്ട് ചെയ്യിച്ചത്. മെഴുവേലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കോണ്‍ഗ്രസ് മെമ്പര്‍ ഉള്‍പ്പെടെ അറിഞ്ഞാണ് കള്ളവോട്ട് നടന്നതെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കുകയായിരുന്നു.

അതേസമയം, കേരളത്തിൽ വോട്ടെടുപ്പിന് രണ്ട് നാൾ ശേഷിക്കേ മറ്റന്നാൾ ഉദ്യോഗസ്ഥർ ബൂത്തുകളിലേക്ക് പോകും. വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 20 ലോക്സഭാമണ്ഡലങ്ങളിലെ 2,77,49,159 വോട്ടർമാർക്കായി 25231ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി എട്ട് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർണമായി ചിത്രീകരിക്കുമെന്ന് (വെബ് കാസ്‌റ്റിംഗ്) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ചിത്രീകരിക്കുക. സ്‌ട്രോംഗ് റൂമുകളിലാണ് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്നത്. ഇവ വോട്ടെടുപ്പിന് തലേന്ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് കൈമാറും.