
എന്തിനെയെങ്കിലും കുറിച്ചുള്ള മനസിന്റെ അസ്വസ്ഥതകളും ആഗ്രഹങ്ങളും അവസാനിക്കുമ്പോൾ സ്വയം പ്രകാശിക്കുന്നതാണ് ആനന്ദം. ഈ ബോധം ദൃഢമാകണം. ശാന്തിയും സമാധാനവും നേടുവാൻ അതാണ് ആദ്യം വേണ്ടത്.
ഒരുകൂട്ടം വഴിയാത്രക്കാർ അല്പം അകലെയുള്ള ഒരു ഗ്രാമത്തിലേക്കു പോകുകയായിരുന്നു. നടന്ന് അവർ ഒരു കാടിനു സമീപമെത്തി. അടുത്തുതന്നെ ഒരു കുളവും ഉണ്ടായിരുന്നു. ഭാണ്ഡങ്ങൾ കരയ്ക്കുവച്ച് അവർ കുളിക്കാനിറങ്ങി. കുളി കഴിഞ്ഞു നോക്കിയപ്പോൾ ഭാണ്ഡങ്ങൾ കാണാനില്ല. കള്ളന്മാർ അവ മോഷ്ടിച്ചു കൊണ്ടുപോയിരുന്നു. അവർ ഉടനെ കള്ളന്മാരെ തേടി പുറപ്പെട്ടു. വഴിയരികിൽ ഒരു മരച്ചുവട്ടിൽ വിശ്രമിക്കുന്ന ഒരു മഹാത്മാവിനെ കണ്ടു. കള്ളന്മാർ അതുവഴി പോയതു കണ്ടോ എന്ന് അവർ മഹാത്മാവിനോട് ആരാഞ്ഞു.
ആ മഹാത്മാവ് പറഞ്ഞു: 'ഭാണ്ഡങ്ങൾ നഷ്ടപ്പെട്ടതിൽ നിങ്ങൾ ദുഃഖിതരാണല്ലേ? ഒന്നാലോചിക്കൂ, നിങ്ങളുടെ സന്തോഷം നഷ്ടപ്പെടാനിടയാക്കിയ കള്ളന്മാർ നിങ്ങളുടെ പുറത്താണോ അതോ അകത്താണോ? നഷ്ടപ്പെട്ടുപോയ ധനമാണോ നിങ്ങൾക്കു വേണ്ടത്; അതോ ഒരിക്കലും നഷ്ടമാകാത്ത ധനമാണോ? ചിന്തിക്കൂ." മഹാത്മാവ് പറഞ്ഞതിന്റെ പൊരുൾ മനസിലാക്കിയ അവർ അദ്ദേഹത്തിന്റെ ശിഷ്യരായിത്തീർന്നു.
ഈ കഥയിലെ വഴിയാത്രക്കാരെപ്പോലെ എല്ലാ മനുഷ്യരും എന്തിനോ വേണ്ടിയുള്ള അന്വേഷണത്തിലാണ്. വാസ്തവത്തിൽ ഓരോരുത്തരും തേടുന്നത് ശാന്തിയും സന്തോഷവുമാണ്. എന്നാൽ സ്വന്തം ഉള്ളിലല്ല, ലോകവസ്തുക്കളിലും ലോകബന്ധങ്ങളിലുമാണ് അവർ അതു തേടുന്നത്. ഒടുവിൽ ഇച്ഛാഭംഗവും ദുഃഖവും നിരാശയും മാത്രം ബാക്കിയാവുന്നു. ജീവിതത്തിൽ ശാന്തിയും സന്തോഷവും ഉണ്ടാകുവാൻ ആദ്യം വേണ്ടത് ജീവിതത്തെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാടാണ്.
ഒരു ധനികന് എത്ര സമ്പത്തുണ്ടെങ്കിലും അതിനെക്കുറിച്ച് അറിവില്ലാത്തിടത്തോളം ആ സമ്പത്ത് അയാൾക്കു പ്രയോജനപ്പെടുകയില്ല. അതുപോലെ സ്വന്തം ഉണ്മയെ അറിയാതിരിക്കുന്നിടത്തോളം കാലം ശരിയായി ജീവിക്കാനോ സ്വന്തം ധർമ്മം അനുഷ്ഠിക്കാനോ ആർക്കും കഴിയില്ല. നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ മഹത്തായ സമ്പത്തുണ്ട്. എന്നാൽ അതു തിരിച്ചറിയാതെ നമ്മൾ പുറംലോകത്തെ വസ്തുക്കൾ തേടി അലയുകയാണ്. ചിലർ സമ്പത്തും അധികാരവും നേടിയെടുക്കാനായി പ്രയത്നിക്കുമ്പോൾ മറ്റു ചിലർ പേരിനും പെരുമയ്ക്കും വേണ്ടി നെട്ടോട്ടമോടുന്നു. അവയൊക്കെ നേടിക്കഴിഞ്ഞാൽ ശാന്തിയും സന്തോഷവും കൈവരിക്കാമെന്നും അവർ വ്യാമോഹിക്കുന്നു.
എന്നാൽ സന്തോഷമെന്നത് എന്തെങ്കിലും നേടുമ്പോൾ കിട്ടുന്ന ഒന്നല്ല. മറിച്ച്, എല്ലാ തേടലും അവസാനിക്കുമ്പോൾ സ്വയം പ്രകടമാകുന്നതാണ്. എപ്പോഴും നമ്മുടെ ഉള്ളിൽത്തന്നെയുള്ള ഒരിക്കലും നഷ്ടമാകാത്ത ധനം അതാണ്. എന്തിനെയെങ്കിലും ചൊല്ലിയുള്ള മനസിന്റെ അസ്വസ്ഥതകളും ആഗ്രഹങ്ങളും അവസാനിക്കുമ്പോൾ സ്വയം പ്രകാശിക്കുന്നതാണ് ആനന്ദം. ഈ ബോധം നമ്മളിൽ ദൃഢമാകണം. അതാണു ശാന്തിയും സമാധാനവും നേടുവാൻ ഒന്നാമതായി വേണ്ടത്.
ആത്മസ്വരൂപം തന്നെയാണ് നിത്യമായ ആനന്ദത്തിന്റെയും ശാന്തിയുടെയും ഉറവിടം. അതറിയാതെ ചിലർ ലഹരിപദാർത്ഥങ്ങളിലും മറ്റും സുഖം തേടുന്നു. അവർ സ്വയം നശിക്കുക മാത്രമല്ല, സ്വന്തം കുടുംബത്തെയും സമൂഹത്തെയും ദ്രോഹിക്കുകയും ചെയ്യുന്നു. ആദ്ധ്യാത്മികത മനസിലാക്കിയാൽ നമ്മളാരെന്നും ജീവിതം എന്തിനെന്നും സ്വന്തം കടമ തിരിച്ചറിയുന്നു. ഒരു ജീവിയെയും വേദനിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നു. തനിക്ക് അത്യാവശ്യമുള്ളതു മാത്രം എടുത്ത് മിച്ചമുള്ളത് ലോകത്തിനു നൽകുന്നു.