expatriates-in-uae

ദുബായ്: യുഎഇയിലുള്ളവർ കഴിഞ്ഞ ഒരാഴ്ചയായി ദുരിതത്തിലാണ്. 75 വർഷത്തിനിടയിലെ ഏറ്റവും കനത്ത മഴയും വെള്ളപ്പൊക്കവുമാണ് രാജ്യം നേരിട്ടത്. നൂറുകണക്കിനു പേർ വിമാനത്താവളങ്ങളിലും മാളുകളിലും മെട്രോസ്റ്റേഷനുകളിലും വാഹനങ്ങളിലും കുടുങ്ങി. വൈദ്യുതി നിലച്ചു. കുടിവെള്ളം കിട്ടാതായി. പാർപ്പിട സമുച്ചയങ്ങളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. ഇപ്പോൾ മഴയെ തുടർന്നുണ്ടായ ദുരിതത്തിൽ നിന്നും പതിയെ കരകയറുകയാണ് നിവാസികൾ.

എന്നാൽ കനത്ത മഴയെ തുടർന്ന് മെട്രോ റെയിൽ സർവീസുകൾ താളംതെറ്റിയതോടെ ശരിക്കും പെട്ടിരിക്കുന്നത് പ്രവാസികൾ അടക്കമുള്ളവരാണ്. ഓഫീസുകളിലേക്കും ജോലി സ്ഥലങ്ങളിലേക്കും പോകാൻ മെട്രോ ട്രെയിനിനെ ആശ്രയിച്ചവർ ഇപ്പോൾ യാത്രയ്ക്കായി ആശ്രയിക്കുന്നത് ടാക്സി സർവീസുകളെയാണ്. എല്ലാ മെട്രോ സ്‌റ്റേഷനുകളും തുറന്നു പ്രവർത്തിക്കാത്തത് കൊണ്ട് ടാക്സി പിടിച്ച് തുറന്ന സ്റ്റേഷനുകളിലേക്ക് എത്തേണ്ട അവസ്ഥയാണ്. ഇത് ഭാരിച്ച സാമ്പത്തിക ചെലവാണ് ഓരോരുത്തർക്കും വരുത്തിവയ്ക്കുന്നത്. താമസസ്ഥലത്ത് നിന്നും ദൂരസ്ഥലങ്ങളിലേക്ക് ജോലിക്കെത്തുന്നവർക്കാണ് മെട്രോ സർവീസിന്റെ നിയന്ത്രണം ഏറ്റവും തിരിച്ചടിയായത്.

ദുബായ് മെട്രോ റെഡ് ലൈനിലാണ് പ്രവർത്തിക്കുന്നതെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) തിങ്കളാഴ്ച അറിയിച്ചിരുന്നു. എന്നാൽ ഓൺപാസീവ്, ഇക്വിറ്റി, മഷ്‌റെഖ്, എനർജി സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകില്ല. തിരക്കേറിയ സമയങ്ങളിൽ മെട്രോ ഉപയോഗിക്കുന്നത് ഒഴിവാക്കാനും നിലവിൽ പ്രവർത്തിക്കുന്ന സ്റ്റേഷനുകൾക്കനുസരിച്ച് നിങ്ങളുടെ യാത്രകൾ ആസൂത്രണം ചെയ്യാനും ആർടിഎ യാത്രക്കാരോട് അഭ്യർത്ഥിച്ചിരുന്നു.

മെട്രോ സർവീസിന്റെ നിയന്ത്രണത്തെ തുടർന്ന് 150 ദിർഹം (3400 രൂപ) വരെ പലർക്കും ഒരു ഭാഗത്തേക്കുള്ള ടാക്സി യാത്രയ്ക്ക് ചെലവാകുന്നുണ്ട്. ചില സ്റ്റോപ്പുകളിൽ മാത്രമാണ് മെട്രോ നിർത്തുന്നത്. ഈ സ്‌റ്റേഷനിലേക്ക് ടാക്സിയിൽ എത്തുന്നതിന് വേണ്ടിയാണ് പണം ചെലവാകുന്നത്. ചില മെട്രോ സ്‌റ്റേഷനുകളുടെ അടച്ചുപൂട്ടൽ മൂലമുണ്ടായ അസൗകര്യവും അനിശ്ചിതത്വവും ചില വ്യക്തികളെ യാത്രാ തീരുമാനം മാറ്റാനും പകരം വീട്ടിലിരുന്ന് ജോലി ചെയ്യാനും പ്രേരിപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ പ്രവാസിയായ റിയ ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിച്ച് രാവിലെ 7.15 ന് എഡിസിബി മെട്രോ സ്റ്റേഷനിൽ എത്തി. ഒരു മണിക്കൂർ നീണ്ട യാത്രയായിരുന്നു. കൂടാതെ മെട്രോയിൽ കയറുന്നതിന് വേണ്ടി 45 മിനിറ്റോളം സ്‌റ്റേഷനിൽ കാത്തുനിൽക്കേണ്ടി വന്നു. തനിക്ക് മറ്റ് വഴികളില്ലായിരുന്നെന്നും ഒരുപാട് സമയം യാത്രയ്ക്കായി പാഴാക്കേണ്ടി വന്നെന്നും റിയ ഖലീൽജ് ടൈംസിനോട് വ്യക്തമാക്കി.