door

കൊച്ചി: നഗരത്തിലടക്കം ജില്ലയിൽ പാമ്പുകളുടെ ശല്യം കൂടുന്നത് ആശങ്കപരത്തുന്നു. രണ്ടുമാസത്തിനിടെ ജില്ലയിൽ 135 പാമ്പുകളെയാണ് പിടികൂടിയത്. മാർച്ചിൽ 87 പാമ്പുകളെയും ഏപ്രിലിൽ ഇതുവരെ 48 പാമ്പുകളെയും പിടികൂടി. വനംവകുപ്പിന്റെ സർപ്പആപ്പിലൂടെ സഹായംതേടാം. ചൂട് കൂടിയതും പ്രജനനകാലമായതുമാണ് പാമ്പുകൾ പുറത്തിറങ്ങാൻ കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. തണുപ്പ് തേടിയാണ് ജനവാസമേഖലകളിൽ എത്തുന്നത്. കതകിന്റെ വിടവിലൂടെയും മറ്റും വീടിനുള്ളിൽ എത്തിയേക്കാം. പെരുമ്പാമ്പ്, മൂർഖൻ, വെള്ളിക്കെട്ടൻ, ചുരുട്ടമണ്ഡലി എന്നീ ഇനങ്ങളാണ് അധികവും.

പാമ്പുകളെ പിടികൂടി വനപ്രദേശങ്ങളിലും ആൾത്താമസമില്ലാത്ത മേഖലകളിലും തുറന്നുവിടുന്നു. 2021 മുതൽ ഇതുവരെ 2000ലേറെ പാമ്പുകളെയാണ് ജില്ലയിൽ പിടികൂടിയത്.

ശ്രദ്ധിക്കണം

അണലി പ്രസവിക്കുന്നതും മൂർഖൻ, വെള്ളിക്കെട്ടൻ, രാജവെമ്പാല എന്നിവ മുട്ടയിട്ട് വിരിയുന്നതും ജൂൺ, ജൂലായ് മാസങ്ങളിലാണ്. വീടുകൾ വൃത്തിയായി സൂക്ഷിക്കണം. അടുക്കിവച്ച ടൈൽസ്, കല്ലുകൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. ഷൂസ്, ചെരുപ്പ് എന്നിവ പരിശോധിച്ചശേഷം ധരിക്കണം. പരിശീലനം ഇല്ലാത്തവർ പാമ്പിനെ പിടിക്കാൻ ശ്രമിക്കരുത്.

തണുപ്പുകാലം മുതൽ വേനൽവരെയാണ് പാമ്പുകൾ പൊതുവേ ഇണചേരുക. മഴക്കാലം തുടങ്ങുംമുമ്പ് കുഞ്ഞുങ്ങളാവും.

പെരുമ്പാമ്പ് ഒരുതവണ 30 മുട്ടകളിടും. ജനുവരിയിൽ മുട്ടയിടുകയും മേയിൽ കുഞ്ഞുങ്ങളാവുകയും ചെയ്യും.

പാമ്പ് കടിയേറ്റാൽ

* കടിയേറ്റഭാഗം അനക്കാതെ സൂക്ഷിക്കുക.

* കടിച്ചപാമ്പ് ഏതാണെന്ന് കണ്ടെത്തിയാൽ നല്ലത്

* രോഗിയെ നന്നായി നിരീക്ഷിക്കുക.

* എത്രയുംവേഗം ആശുപത്രിയിൽ എത്തിക്കണം

* താലൂക്ക് ആശുപത്രികൾ മുതലുള്ള ആശുപത്രികളിൽ പ്രതിവിഷം ലഭിക്കും.

സഹായത്തിന് സർപ്പ

പാമ്പുകളെ കണ്ടാൽ ഉടൻ 'സർ‌പ്പ" ആപ്പിലൂടെ വനംവകുപ്പിനെ അറിയിക്കാം. പരിശീലനം ലഭിച്ച സ്നേക് ഹാൻഡ്ലേഴ്സെത്തി പിടികൂടും. ജില്ലയിൽ ലൈസൻസ് ലഭിച്ച 180 റെസ്ക്യൂ പ്രവർത്തകരുണ്ട്. ഫോൺ: 9037327108, 9961428222, 9747300066.

2021 മുതൽ പിടികൂടിയ പാമ്പുകളുടെ എണ്ണം

ചുരുട്ടമണ്ഡലി- 12

വെള്ളിക്കെട്ടൻ- 19

അണലി- 160

മൂർഖൻ- 440

മലമ്പാമ്പ്- 1324

ചേര- 453

രാജവെമ്പാല- 49

സർപ്പ ആപ്ലിക്കേഷൻ ജനകീയമായതോടെ പാമ്പിനെ കൊല്ലുന്നത് കുറഞ്ഞിട്ടുണ്ട്. സർപ്പയിൽ വിവരം അറിയിച്ചാൽ പരിശീലനം ലഭിച്ചവരെത്തി പിടികൂടും. കെ.ജി. രഞ്ജിത്, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ, മലയാറ്റൂ‌ർ ഡിവിഷൻ